കേന്ദ്ര സാമൂഹികനീതി മന്ത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: ജിഷയുടെ വീട് കേന്ദ്ര സാമൂഹികനീതി മന്ത്രി തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് സന്ദര്‍ശിക്കും. രാജ്യസഭയില്‍ ശൂന്യവേളയില്‍ അംഗങ്ങള്‍, ദലിത് വിദ്യാര്‍ഥിനിയെ ഹീനമായി കൊലപ്പെടുത്തിയവര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് താന്‍ കേരളം സന്ദര്‍ശിക്കുന്നവിവരം മന്ത്രി അറിയിച്ചത്.
ജിഷയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ട് അവര്‍ക്ക് നീതി ലഭിക്കാനുള്ള സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിലെ സി പി നാരായണനാണ് പ്രശ്‌നം സഭയില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു സമാനമായ ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച കാസര്‍കോട്ടും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാന സംഭവം നടന്നിട്ടുണ്ടെന്നും പ്രതികളെ പിടികൂടാന്‍ പോലിസ് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അത്യന്തം ഹീനമായ കൃത്യമാണിതെന്നും എല്ലാ കേരളീയര്‍ക്കും ഇത് മാനഹാനിയുണ്ടാക്കിയെന്നും രാജ്യസഭാ അധ്യക്ഷന്‍ പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.
രാജ്യസഭാംഗങ്ങളുടെ ഒരു സംഘം കേരളം സന്ദര്‍ശിക്കണമെന്ന് ബിജെപിയിലെ തരുണ്‍ വിജയ് ആവശ്യപ്പെട്ടു. സിപിഐയിലെ സി രാജ, ബിഎസ്പിയിലെ എസ് സി മിത്ര, പാര്‍ലമെന്ററി കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരടക്കം നിരവധി അംഗങ്ങള്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it