Flash News

കേന്ദ്ര സര്‍വകലാശാലയിലെ പൗരാവകാശ നിഷേധം: പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍; ആശങ്കയോടെ അധ്യാപകര്‍

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന പൗരാവകാശ ലംഘനങ്ങളിലും പ്രതികാര നടപടികളിലും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക സംഘടനയായ കുക്ട (സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള ടീച്ചേഴ്‌സ് യൂനിയന്‍)യും വിദ്യാര്‍ഥി സംഘടനകളും രംഗത്ത്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായ പ്രതികാര നടപടിക്കെതിരേ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍വകലാശാലയുടെ വിദ്യാര്‍ഥിവിരുദ്ധ നടപടി ചോദ്യം ചെയ്യുന്ന അധ്യാപക സംഘടനാ നേതാക്കള്‍ക്കെതിരേ നടപടി തുടങ്ങിയതോടെ ഇവിടെ അധ്യാപകര്‍ കടുത്ത ആശങ്കയിലായി. ജനാധിപത്യ പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാതെ സംഘപരിവാര അജണ്ട നടപ്പാക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസാദ് പന്ന്യനെ വകുപ്പുമേധാവി സ്ഥാനത്തു നിന്നു പുറത്താക്കിയ നടപടിയെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വൈസ് ചാന്‍സലര്‍ക്ക് നേരിട്ട് കത്തയച്ചു എന്ന കുറ്റത്തിന് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റിലെ അസി. പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ നാലു വര്‍ഷത്തെ ഇന്‍ക്രിമെന്റാണ് തടഞ്ഞുവച്ചത്. വിദ്യാര്‍ഥിനിയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ ഒരു അധ്യാപകനെ പിരിച്ചുവിടാന്‍ അധികൃതര്‍ തീരുമാനമെടുത്തിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും ചെയ്ത കുറ്റത്തിന് ആനുപാതികമായ ശിക്ഷ മാത്രമേ നല്‍കാവൂ എന്നുമായിരുന്നു അധ്യാപക സംഘടനാ ജനറല്‍ സെക്രട്ടറി ഗില്‍ബര്‍ട്ട് കത്തില്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയെ സമീപിച്ച് ഗില്‍ബര്‍ട്ട് ഇടക്കാല സ്‌റ്റേ ഓര്‍ഡറും വാങ്ങി. ഇതിന്റെ വിരോധം മൂലമായിരുന്നു പ്രതികാര നടപടി.
മെച്ചപ്പെട്ട ഹോസ്റ്റല്‍ സൗകര്യം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് പ്രതികാര നടപടി സ്വീകരിക്കുന്ന അധികൃതരുടെ നിലപാടിനെയും അധ്യാപക സംഘടന വിമര്‍ശിക്കുന്നു. എ സുബ്രഹ്മണ്യന്‍, രാമു, അഭിനന്ദ്, അലീന ജോര്‍ജ് എന്നീ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. പൊളിറ്റിക്‌സ് ഡിപാര്‍ട്ട്‌മെന്റിലെ അജിത് കുഞ്ഞുണ്ണി, ഹിന്ദി ഡിപാര്‍ട്ട്‌മെന്റിലെ ശിവകുമാര്‍ എന്നിവരുടെ പിഎച്ച്ഡി അഡ്മിഷന്‍ റദ്ദാക്കി. ലിംഗ്വിസ്റ്റിക്‌സ് ഡിപാര്‍ട്ട്‌മെന്റിലെ അന്നപൂര്‍ണയെ പുറത്താക്കി. ഇന്റര്‍നാഷനല്‍ ഡിപാര്‍ട്ട്‌മെന്റിലെ ജി നാഗരാജുവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ അടച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറാകണമെന്ന് അധ്യാപകര്‍ അഭ്യര്‍ഥിച്ചു.
മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ ശശിധരന്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുമ്പോള്‍ നടത്തിയ നിയമനത്തിന്റെ പേരില്‍ അദ്ദേഹത്തിന് ലഭിക്കാനുള്ള 27 ലക്ഷത്തോളം രൂപ തടഞ്ഞുവച്ചു. എന്നാല്‍, വിസി അറിയാതെ ഒരു നിയമനവും സര്‍വകലാശാലയില്‍ നടക്കില്ല. അന്നത്തെ വിസിയെ ഒഴിവാക്കി സിബിഐ അന്വേഷണം നടത്താനാണ് സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെല്ലാം സംഘപരിവാര അനുകൂലികളുമാണ്.

Next Story

RELATED STORIES

Share it