Flash News

കേന്ദ്ര സര്‍ക്കാര്‍ നിരോധനം മറികടക്കാന്‍ നിയമനിര്‍മാണം നടത്തും : മന്ത്രി കെ ടി ജലീല്‍



ആലുവ: കേന്ദ്ര സര്‍ക്കാര്‍ നിരോധനം മറികടക്കാന്‍ നിയമനിര്‍മാണം അടക്കമുള്ള എല്ലാ വഴികളും തേടുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അടുത്ത കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാനാണ് കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ട് വിജ്ഞാപനമിറക്കാന്‍ റമദാന്‍ദിനം തന്നെ ബിജെപി തിരഞ്ഞെടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ ഇറച്ചിക്കച്ചവടക്കാരെ ഒഴിവാക്കി കോര്‍പറേറ്റുകള്‍ക്ക് ചില്ലറവ്യാപാരം ആരംഭിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. ബലികര്‍മങ്ങള്‍ക്ക് കാലികളെ അറുക്കുന്നത് നിരോധിച്ചത് ഇസ്‌ലാം മതവിശ്വാസികളെ വലിയതോതില്‍ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജല്ലിക്കെട്ട് വലിയൊരു വിഭാഗത്തിന്റെ ആചാരാനുഷ്ഠാനമാണെന്നു ന്യായീകരിച്ച് നിയമനിര്‍മാണം നടത്തിയ രാജ്യത്ത് 15 കോടിയിലധികം വരുന്ന മതന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ എന്തുകൊണ്ട് സംരക്ഷിക്കുന്നില്ല. ഇന്ന് നാം എന്തു കഴിക്കണമെന്ന് വിജ്ഞാപനത്തിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, നാളെ നാം എന്തു ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ മടിക്കില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it