കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ സ്ഥിരത ഇല്ലാതാക്കുന്നു: പിണറായി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയം തൊഴിലാളികളുടെ ജോലി സ്ഥിരത ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏത് തൊഴിലാളിയെയും എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ പിരിച്ച് വിടാന്‍ കമ്പനിയുടമകള്‍ക്ക് അധികാരം നല്‍കുന്ന കാടന്‍ നിയമമാണിത്. തൊഴിലാളികള്‍ ഇന്ന് അനുഭവിച്ച് വരുന്ന അവകാശങ്ങള്‍ ഒരു ഭരണാധികാരിയില്‍ നിന്നും ഔദാര്യം ലഭിച്ചതല്ല. നീണ്ട കാലത്തെ പ്രക്ഷോഭങ്ങളിലൂടെയും ജീവത്യാഗങ്ങളിലൂടെയും നേടിയെടുത്തതാണ്. ഈ അവകാശങ്ങളെല്ലാം കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി കവര്‍ന്നെടുക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. പുതിയ തൊഴില്‍ നിയമത്തെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും എതിര്‍ക്കുകയാണ്. എന്നിട്ടും തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കുന്നു.
അതേസമയം, രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്ന കുത്തക മുതലാളിമാര്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നു. അവരുടെ കടം എഴുതിത്തള്ളുന്നു. ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ കുത്തകകളില്‍ നിന്ന് കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് പകരം സാധാരണക്കാരുടെ ബാങ്ക് നിക്ഷേപങ്ങള്‍ പിടിച്ചെടുക്കുന്ന കാടന്‍ പരിഷകാരങ്ങളാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്യുകയാണ്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ച് വിടാന്‍ ആര്‍എസ്എസും ബിജെപിയും  മത, ജാതി വര്‍ഗീയത  ഇളക്കുകയാണ്. ഈ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദല്‍  ഊക്കേറിയ തൊഴിലാളി കര്‍ഷക പ്രക്ഷോഭങ്ങളാണെന്നും പിണറായി പറഞ്ഞു.
അതേസമയം, ബിജെപിയുടെ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ തന്റെടമുള്ള നിലപാട് സ്വീകരിക്കുന്നുവെന്ന് സിഐടിയു സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസുകാര്‍ കണ്ണൂരുട്ടുമ്പോഴെക്കും ബിഎംഎസുകാര്‍ പഴയപോലെ ഇപ്പോള്‍ പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍സ്ഥിരത ഇല്ലാതാക്കുന്ന കേന്ദ്രനിയമത്തിനെതിരേ ബിഎംഎസ് രാജ്യത്തെ മറ്റ് തൊഴിലാളി സംഘടനകള്‍ക്കൊപ്പമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണ വേളയിലും ബിഎംഎസ് തൊഴിലാളി വര്‍ഗത്തിന് അനുകൂലമായ  നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
Next Story

RELATED STORIES

Share it