കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ കുറവുണ്ടാക്കും: മന്ത്രി

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ  വരുമാനത്തില്‍ കുറവുണ്ടാക്കും:  മന്ത്രി
X


സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നു ധനകാര്യ മന്ത്രി തോമസ് ഐസക്. നിലവിലുള്ള നികുതി നിരക്കിനേക്കാള്‍ വളരെ താഴ്ന്ന നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ജിഎസ്ടിക്ക് മുമ്പുണ്ടായിരുന്ന വരുമാനം കേന്ദ്ര, സംസ്ഥാനങ്ങള്‍ക്കു മൊത്തത്തില്‍ ലഭിക്കില്ല. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഇത് ഒരുപക്ഷേ വലിയതോതില്‍ ബാധിക്കില്ലെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. 1,200 ഇനം വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിനിരക്കുകള്‍ക്കു യോഗം അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇവയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ നികുതിയില്ലാത്തവയും ഏറ്റവും കുറഞ്ഞ നികുതിയായ അഞ്ചു ശതമാനത്തിലും ഉള്‍പ്പെടുന്ന 200 ഇനങ്ങള്‍ മാത്രമേ കേരളത്തില്‍ വരികയുള്ളൂ. ബാക്കി 1,000 ഇനങ്ങള്‍ക്കും 14.5 ശതമാനം നികുതിയാണ് കേരളം ഏര്‍പ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍, പുതിയ ജിഎസ്ടി നിരക്കു പ്രകാരം 28 ശതമാനം വരുന്ന ഏറ്റവും ഉയര്‍ന്ന നികുതിയുള്ള 200 ചരക്കുകള്‍ മാത്രമേയുള്ളൂവെന്നും ബാക്കി 1000ഓളം ചരക്കുകള്‍ 18, 12 ശതമാനം നിരക്കുകളില്‍ ഉള്‍പ്പെടുന്നതാണെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇവയുടെ പകുതിയായ 9, 6 ശതമാനം മാത്രമേ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. നേരത്തെ ഇതു 14 ശതമാനം കിട്ടിക്കൊണ്ടിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതാണ്ട് 30, 40 ശതമാനം നികുതിനിരക്കുകള്‍ കുറച്ചിരിക്കുകയാണെന്നും ഇതു വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഐസക് പറഞ്ഞു. 14 ശതമാനംവച്ച് ഓരോ വര്‍ഷവും നികുതിവരുമാനം വര്‍ധിക്കുമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന ആദ്യവര്‍ഷം തന്നെ മൊത്തം വരുമാനത്തില്‍ ഒരുലക്ഷം കോടിയുടെ കുറവുണ്ടാവുമെന്നു തോമസ് ഐസക് പറഞ്ഞു. .രാജ്യത്തെ ഉയര്‍ന്ന നികുതിനിരക്കായ 28 ശതമാനത്തില്‍ നിന്ന് താഴേക്കു മാറ്റിയ ചരക്കുകള്‍ എല്ലാം എംആര്‍പി (കുറഞ്ഞ ചില്ലറ വില) വിലയ്ക്കു വില്‍ക്കുന്നതാണ്. പുതിയ നികുതി നിരക്കുപ്രകാരം കുറവുവരുന്ന നിരക്ക് എംആര്‍പിയില്‍ നിന്ന് കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ ഇതുകൊണ്ട് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരു നേട്ടവും ഉണ്ടാവില്ല, ജിഎസ്ടി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കു കൊള്ളലാഭം കൊയ്യാനുള്ള മാര്‍ഗമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, ഇത്തരം ചരക്കുകളുടെ നേരത്തെയുണ്ടായിരുന്ന നികുതിനിരക്കുകള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രം തയ്യാറാവണം. കൂടാതെ, പ്രധാനപ്പെട്ട എല്ലാ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും എംആര്‍പി വില പ്രസിദ്ധീകരിക്കണം.    എത്രയാണോ നികുതി കുറച്ചത് അത്രയും സംഖ്യ എംആര്‍പിയില്‍ നിന്നു കുറയ്ക്കാന്‍ തയ്യാറാവാത്ത കോര്‍പറേറ്റുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരളം കഴിഞ്ഞദിവസം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇക്കാര്യം ജൂണ്‍ മൂന്നിന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണു നികുതി കുറഞ്ഞതെന്നു അറിയണമെന്ന്  മന്ത്രി ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it