Idukki local

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്നു: കേരളാ കോണ്‍ഗ്രസ് (എം)



തൊടുപുഴ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ  ജേക്കബ്ബ് പ്രസ്താവിച്ചു. ജില്ലയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ ഇടതുസര്‍ക്കാര്‍, മുന്‍ സര്‍ക്കാര്‍ തയ്യാറാക്കി വച്ചിരുന്ന ഏതാനും പട്ടയങ്ങള്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്. ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്‍കുമെന്ന് ആണയിട്ടു വാഗ്ദാനം നല്‍കിയവര്‍ ഇതു സംബന്ധിച്ച് ഒരുത്തരവും ഇറക്കിയില്ല. പത്തുചെയിന്‍ ഉള്‍പ്പടെ പദ്ധതി പ്രദേശങ്ങിലെ കൈവശക്കാര്‍ക്ക് പട്ടയം നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏലവും കുരുമുളകും റബ്ബറും ഉള്‍പ്പടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ വിലതകര്‍ച്ചയുണ്ടായിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരലനക്കുന്നില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ തറവില നിശ്ചയിച്ച് സംഭരണം നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കെ എം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ നല്‍കി സംഭരിച്ചിരുന്ന പദ്ധതി അവതാളത്തിലായി. എല്ലാ മേഖലയിലും ഉണ്ടായിട്ടുള്ള വിലക്കയറ്റം മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണെന്ന് ജേക്കബ്ബ് ചൂണ്ടികാട്ടി.കസ്തൂരി രംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. ഈ കാര്യത്തില്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സംസ്ഥാന സര്‍ക്കാരും ഇടുക്കി എംപിയും മൗനവ്രതത്തിലാണ്. വനമേഖലയും തോട്ടങ്ങളും അധിവാസ കേന്ദ്രങ്ങളും ഒഴിവാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച ഉമ്മന്‍ വി ഉമ്മന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം സ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. മുല്ലപ്പെരിയാര്‍ ഡാം പുനര്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിറകോട്ട് പോവുന്നത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുകയാണെന്നും പ്രഫ. എം ജെ ജേക്കബ്ബ് പറഞ്ഞു.
Next Story

RELATED STORIES

Share it