Districts

കേന്ദ്ര വിദേശകാര്യ ഉപദേശക സമിതി അംഗത്വം; ഇ അഹമ്മദിനെതിരേ പ്രതിഷേധം

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ ഉപദേശക സമിതി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരേ സംഘപരിവാര ശക്തികളുടെ അക്രമം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആര്‍എസ്എസ് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ പങ്കാളിയാവുന്നതാണു പ്രതിഷേധത്തിനിടയാക്കിയത്.
സമുദായത്തോട് അല്‍പ്പമെങ്കിലും കൂറു പുലര്‍ത്തുന്നുണ്ടെങ്കില്‍ ഇ അഹമ്മദ് ഉപദേശക സമിതി സ്ഥാനം ഏറ്റെടുക്കരുതെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പങ്കാളിയാവുന്നതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. സാമൂഹിക മാധ്യമങ്ങളിലുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി സാംസ്‌കാരിക നായകര്‍ പോലും നരേന്ദ്ര മോദി ഭരണത്തിനെതിരേ പ്രതിഷേധിക്കുമ്പോള്‍ സ്ഥാനം ഏറ്റെടുത്ത് ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്ന ഇ അഹമ്മദിന് ഒറ്റുകാരന്റെ റോളാണെന്ന് ഐഎന്‍എല്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ നാണംകെട്ടുപോയ ഇന്ത്യയുടെ മുഖം മിനുക്കി ന്യൂനപക്ഷ അരക്ഷിതത്വം അവാസ്തവമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള മോദിയുടെ ശ്രമത്തിനു പിന്തുണ നല്‍കുകയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗത്വം ഏറ്റെടുത്തതിലൂടെ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ചെയ്തിരിക്കുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പ്രസ്താവനയി ല്‍ പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്നുവരുന്ന മോദിവിരുദ്ധ വികാരത്തെയും സംഘപരിവാര വിരുദ്ധ മുന്നേറ്റങ്ങളെയും തകര്‍ത്തുകളയുക എന്ന ഉദ്ദേശ്യത്തോടുകൂടി രൂപീകരിച്ച പ്രസ്തുത സമിതിയിലെ അംഗം എന്ന നിലയില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത അഹമ്മദിന്റെത് സമുദായത്തെ കശാപ്പുശാലയിലേക്കു നയിക്കുന്ന ഒറ്റുകാരന്റെ റോളാണെന്നും ഐഎന്‍എല്‍ ആരോപിച്ചു.
ഇ അഹമ്മദ് സ്ഥാനമേറ്റെടുത്തതിനെ പ്രമുഖ എഴുത്തുകാരന്‍ പി കെ പാറക്കടവ് കഴിഞ്ഞദിവസം ലേഖനത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഫാഷിസം നമ്മുടെ അടുക്കളയില്‍ എത്തിനോക്കുന്ന നരേന്ദ്ര മോദിയുടെ കറുത്ത ഭരണകാലത്ത് അസഹിഷ്ണുത പടര്‍ന്നു കൊണ്ടിരിക്കെ വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ താങ്കള്‍ക്കു സാധ്യമാവുന്നത് എങ്ങനെയെന്ന് പി കെ പാറക്കടവ് ലേഖനത്തിലൂടെ ചോദിച്ചത്.
Next Story

RELATED STORIES

Share it