കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സംഘപരിവാരത്തിനെതിരായ കേസുകളില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ (സിവിസി) വിജിലന്‍സ് കമ്മീഷണറായി നിയമിതനായ എന്‍ഐഎ മുന്‍ മേധാവി സംഘപരിവാര സംഘടനകള്‍ പ്രതിസ്ഥാനത്തുള്ള ആക്രമണക്കേസുകളില്‍ മെല്ലെപ്പോക്കുനയം സ്വീകരിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ഉദ്യോഗസ്ഥന്‍.
എന്‍ഐഎ മുന്‍ മേധാവി ശരത് കുമാറിനെയാണ് സിവിസിയിലെ ഒഴിവു വന്ന പദവിയിലേക്ക് നിയോഗിച്ചത്. നാലു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാവും വരെയോ ആണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.
ഹരിയാന കേഡര്‍ 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ 62കാരനായ ശരത് കുമാര്‍ കഴിഞ്ഞ സപ്തംബറിലാണ് എന്‍ഐഎ തലപ്പത്തു നിന്നു വിരമിച്ചത്. 2013 ജൂലൈയില്‍ എന്‍ഐഎ മേധാവിയായ ശരത് കുമാര്‍ വിരമിച്ച ശേഷവും അദ്ദേഹത്തിനു പദവി നീട്ടിനല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി വിവാദത്തിനിടയാക്കിയിരുന്നു.ഉദ്യോഗസ്ഥ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ നടപടിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
സംഘപരിവാരത്തിന്റെ താല്‍പര്യ സംരക്ഷണത്തിനാണ് ശരത് കുമാറിനു രണ്ടാമതും പദവി നീട്ടിനല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം മലേഗാവ് കേസില്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ പബ്ലിക് പ്രോസികൂട്ടര്‍ രോഹിണി സാലിയന്‍ 2015ല്‍ വെളിപ്പെടുത്തിയിരുന്നു.
ഹിന്ദുത്വര്‍ പ്രതികളായ സംജോത, മലേഗാവ്, അജ്മീര്‍ സ്‌ഫോടന കേസുകളില്‍ നിരവധി നിര്‍ണായക സാക്ഷികള്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൂറുമാറുകയോ മൊഴിമാറ്റുകയോ ചെയ്തത് കേസുകള്‍ ദുര്‍ബലമാവാനും കാരണമായിരുന്നു.
ഈ കേസുകള്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ ശരത് കുമാറിനെ വീണ്ടും എന്‍ഐഎ മേധാവിസ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.
മലേഗാവ് കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ എന്‍ഐഎ കോടതിവിധിക്കു പിന്നാലെ ശരത് കുമാറിനെ മാറ്റണമെന്ന് മുന്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it