Flash News

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു



ന്യൂഡല്‍ഹി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ കാലത്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ട ദവെ വൈകാതെ മരണപ്പെടുകയായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായ ദവെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ ന്യുമോണിയ ബാധിച്ച ദവെയ്ക്ക് പിന്നീട് രോഗം പൂര്‍ണമായും ഭേദമായിരുന്നില്ല. എന്നിരുന്നാലും മന്ത്രിയെന്ന നിലയിലുള്ള ചുമതലകളില്‍ സജീവമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസവും രാത്രി വൈകി ഓഫിസില്‍ ചെലവഴിച്ച ദവെ, ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ കോയമ്പത്തൂരില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടാനിരിക്കുകയായിരുന്നു. ഗുജറാത്തില്‍നിന്നുള്ള അവിവാഹിതനായ ദവെ കൂടുതല്‍ കാലം ജീവിച്ചത് മധ്യപ്രദേശിലാണ്. 2009 മുതലാണ് രാജ്യസഭാംഗമായത്. നര്‍മദാ പരിപാലന കാംപയിനുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതിമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് ഉയര്‍ന്നുവന്നത്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായാണ് വിവാഹം വേണ്ടെന്നുവച്ചത്. ബിജെപി മധ്യപ്രദേശ് വൈസ് പ്രസിഡന്റായിരുന്ന ദവെ, വലിയ അണക്കെട്ട് പദ്ധതികളെ എതിര്‍ത്തിരുന്നു. മന്ത്രിയെന്നതിലുപരി നല്ലൊരു പരിസ്ഥിതി സ്‌നേഹിയായും അദ്ദേഹം അറിയപ്പെട്ടു. ഇംഗ്ലീഷില്‍ ഉള്‍പ്പെടെ എട്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എംകോം ബിരുദധാരിയാണ്. അനില്‍ മാധവ് ദവെയുടെ മരണം വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
Next Story

RELATED STORIES

Share it