കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ടിഡിപി മന്ത്രിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തെലുഗുദേശം പാര്‍ട്ടി (ടിഡിപി) മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭ വിട്ടു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരി എന്നിവരാണ് രാജിവച്ചത്.
ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിറകെയാണ് മന്ത്രിമാരുടെ രാജി. രാജിക്കു പിറകെ ഗജപതി റാവുവും വൈ എസ് ചൗധരിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. തങ്ങളുടെ രാജിക്ക് ടിഡിപി എന്‍ഡിഎ വിടുന്നതായി അര്‍ഥമില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഗജപതി റാവുവും വൈ എസ് ചൗധരിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയതോടെയാണ് രണ്ടു മന്ത്രിമാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ടിഡിപി എന്‍ഡിഎ വിടുമെന്ന് ഭീഷണിയുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അതില്‍ നിന്ന് പിന്മാറിയതായാണു സൂചന.
അതേസമയം, ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കാന്‍ ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിമാരുടെ രാജി. ആന്ധ്ര മന്ത്രിസഭയിലെ ബിജെപി പ്രതിനിധികളായ ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവു എന്നിവരാണ് രാജിവച്ചത്.
അതിനിടെ, സംസ്ഥാനത്തിന് പ്രത്യേക പദവി നിഷേധിച്ചതിനാല്‍ ആന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ എംപിമാരും രാജിവയ്ക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it