kannur local

കേന്ദ്ര പ്രതിരോധമന്ത്രി നാളെ ഏഴിമല നാവിക അക്കാദമിയില്‍

പയ്യന്നൂര്‍: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നാളെ ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കും. നാളെ വൈകീട്ട് എത്തുന്ന മന്ത്രി 26ന് രാവിലെ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിലും ബിരുദദാന സമ്മേളനത്തിലും പങ്കെടുക്കും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും.
ഓഖി ദുരന്തബാധിതരെ കാണാന്‍ ഡിസംബറില്‍ തിരുവനന്തപുരം വിഴിഞ്ഞത്തും പൂന്തുറയിലും എത്തിയ ശേഷം പ്രതിരോധമന്ത്രിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട് രാമന്തളിയിലെ മാലിന്യപ്രശ്‌നം, ഇരിണാവിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കം,  കണ്ണൂര്‍ കന്റോണ്‍മെന്റില്‍ സൈന്യവും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള പല വിഷയങ്ങളും ജില്ലയിലുണ്ട്. അവ ബന്ധപ്പെട്ടവര്‍ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
അതിനിടെ, നാവിക അക്കാദമിയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ജനാരോഗ്യ സംരക്ഷണ സമിതിയുമായി നാവിക അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ ലംഘനത്തിനെതിരേ സമരസമിതി ഇന്ന് വഞ്ചനാദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് നാലിന് രാമന്തളി സെന്‍ട്രലില്‍നിന്ന് നാവിക അക്കാദമി ഗേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
രാമന്തളിയിലെ കിണറുകളിലേക്ക് അക്കാദമി പ്ലാന്റില്‍നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരേ ജനാരോഗ്യ സംരക്ഷണ സമിതി 90 ദിവസം സമരം നടത്തിയിരുന്നു. സമരസമിതിയുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം എട്ടുമാസം കൊണ്ട് പ്ലാന്റ് വികേന്ദ്രീകരണം നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഒരുവര്‍ഷം പിന്നിട്ടിട്ടും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനെതിരേയാണ് സമരത്തിന്റെ ഒരുവയസ് തികയുന്ന ഇന്ന് വഞ്ചനാദിനം ആചരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി നാവിക അക്കാദമി സന്ദര്‍ശിക്കുന്ന നാളെയും മറ്റന്നാളും രാമന്തളി പഞ്ചായത്തില്‍ കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it