thrissur local

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതിക്കെതിരേ പ്രതിഷേധം ശക്തം

മാള: നാമ മാത്രമായ വൈദ്യുതി മാത്രം ലഭ്യമാവുന്ന ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങളെ വെല്ലുവിളിച്ചും പാരിസ്ഥിതിക ആഘാതത്തെ അവഗണിച്ചും നീങ്ങുന്ന കെഎസ്ഇബി ക്ക് പച്ചക്കൊടിയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പദ്ധതിക്ക് മന്ത്രാലയത്തിന്റെ അനുമതി വീണ്ടും ലഭിച്ചതോടെ ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്നവരുടെ ഇടയില്‍ വന്‍ പ്രതിഷേധം വീണ്ടും ഉയരുകയാണ്.
പീക്ക് അവര്‍ സ്‌റ്റേഷനായാണ് കെഎസ്ഇബി ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ കാണുന്നത്. അതിന് വേണ്ടി ഒട്ടനേകം ജൈവ സമ്പത്തിനെയാണ് ഇല്ലായ്മ ചെയ്യുന്നത്. അത് കൂടാതെ കുറഞ്ഞത് അഞ്ചു നിയോജക മണ്ഡലങ്ങളിലെ കുടിവെള്ളത്തേയും കാര്‍ഷിക രംഗത്തേയും വളരെ പ്രതികൂലമായി ബാധിക്കും. സൗരോര്‍ജ്ജമടക്കം ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ ഉള്ളപ്പോഴാണ് ജന സംഖ്യയില്‍ 95 ശതമാനവും എതിര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ കെഎസ്ഇബി ദുര്‍വാശി പിടിക്കുന്നത്.
ചാലക്കുടിപ്പുഴയുമായി ബദ്ധപ്പെട്ട് വൈന്തലയടക്കം 30 കുടിവെള്ള പദ്ധതികളും തുമ്പൂര്‍മൂഴിയടക്കം 48 സര്‍ക്കാര്‍ ജലസേജന പദ്ധതികളും 650 ഓളം സ്വകാര്യ ജലസേജന പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ പുതുതായി നടപ്പാക്കുന്ന മാള മള്‍ട്ടി ജി പി കുടിവെള്ള പദ്ധതിയും പ്രധാനമായും ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്. പുതുതായി നടപ്പാക്കി വരുന്ന കൊടുങ്ങല്ലൂര്‍, മേത്തല, എറിയാട്, എടവിലങ്ങ് പദ്ധതികളും ഈ പുഴയെയാണ് ആശ്രയിക്കുന്നത്. വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ കൊടുങ്ങല്ലൂര്‍ ചാലക്കുടി കളമശ്ശേരി പറവൂര്‍ അങ്കമാലി നിയോജക മണ്ടലങ്ങളെക്കൂടാതെ മറ്റു നിരവധി മേഖലകളേയും വളരെ പ്രതികൂലമായി ബാധിക്കും.
ഇവയെ പ്രതികൂലമായി ബാധിക്കുന്നത് കൂടാതെ പുഴ പലയിടങ്ങളിലും വറ്റിവരളും. ഏറ്റിറക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതോടെ മല്‍സ്യ സമ്പത്തിന് അനുയോജ്യമല്ലാത്ത ശീതങ്കനെന്ന ദുഷിച്ച ജലം നിറഞ്ഞ് പുഴ നശിക്കും. ഈ വസ്തുതകളെല്ലാം വിസ്മരിച്ചാണ് നാടിനേയും നാട്ടാരേയും വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. 1982ലാണ് പദ്ധതിയുമായി കെഎസ്ഇബി രംഗത്തിറങ്ങിയത്.
അന്ന് മുതല്‍ വന്‍ പ്രതിഷേധമാണ് പദ്ധതിക്ക് എതിരെ ഉയരുന്നത്. 203 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമാണ് ലക്ഷ്യം. ഇതിനിടയില്‍ മൂന്നു വട്ടം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇന്നലെ വീണ്ടും 2017 വരെ പാരിസ്ഥിതിക അനുമതി ലഭിച്ചു. 2007 ല്‍ ലഭിച്ച അനുമതിക്ക് ശേഷം 2010 ല്‍ പരാതിയെ തുടര്‍ന്ന് കെഎസ്ഇബിയോട് മന്ദ്രാലയം വിശദീകരണം ചോദിച്ചിരുന്നു.
ആ നടപടി ഒഴിവാക്കണമെന്നും വീണ്ടും അനുമതി തരണമെന്നുമാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2015 ജൂലൈയില്‍ കേന്ദ്ര ജല കമ്മീഷന്റെ പച്ചക്കൊടിയും ലഭിച്ചിരുന്നു. ഡാമിനാവശ്യം 4.25 ക്യൂബിക്ക് മീറ്റര്‍ ജലമാണെന്നും പുഴയില്‍ 7.56 ക്യൂബിക്ക് മീറ്റര്‍ ജലം ഉണ്ടെന്നുമായിരുന്നു അവരുടെ റിപ്പോര്‍ട്ട്. എന്നാല്‍ വേനലില്‍ വളരെ ശോഷിച്ച പുഴയായി ചാലക്കുടിപ്പുഴ മാറിയിട്ട് കാലങ്ങളായി. 20 വര്‍ഷത്തിനിടയില്‍ 25 അടിയോളമാണ് പുഴ താഴ്ന്നത്. ഏതാനും വര്‍ഷങ്ങളായി പഴക്കരികിലെ കിണറുകളില്‍ പോലും വേനലില്‍ ജലം ലഭ്യമാകുന്നില്ല.
ലഭിക്കുന്ന ജലമാണെങ്കില്‍ നിറം മങ്ങി ഉപയോഗക്ഷമമല്ലാത്തതും പദ്ധതി പ്രാവര്‍ത്തികമായാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടമായി ടൂറിസത്തേയും പ്രതികൂലമായി ബാധിക്കും. കെഎസ്ഇബിയുടെ ദുര്‍വാശി അവസാനിപ്പിക്കണമെന്നാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം പരിസ്ഥിതി സ്‌നേഹികളും പൊതു ജനം ഒന്നാകെയും ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it