kozhikode local

കേന്ദ്ര പദ്ധതിയില്‍ 125 കോടി രൂപ; സംസ്ഥാന വിഹിതം 25 കോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെ അത്യാധുനിക സൗകര്യങ്ങളോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി സ്വസ്ഥ്യാ സുരക്ഷാ യോജന (പിഎംഎസ്എസ്‌വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 125 കോടി രൂപ അനുവദിച്ചു. കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജായി 1957ല്‍ 270 ഏക്കര്‍ സ്ഥലത്ത് സ്ഥാപിതമായ കോഴിക്കോട് മെഡിക്കല്‍ കോളജ് നിലവില്‍ മലബാറിലെ ആറു ജില്ലകളില്‍ നിന്നുള്ള ഒന്നരകോടി ജനങ്ങള്‍ ആശ്രയിക്കുന്ന റഫറല്‍ ഹോസ്പിറ്റലാണ്. മെഡിക്കല്‍ കോളജിലെ സൗകര്യത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലാണ് ഇവിടെ ഒപി സംവിധാനത്തിലും ഐപി സംവിധാനത്തിലും അനുഭവപ്പെടുന്ന തിരക്ക്.
2009 ലാണ് പിഎംഎസ്എസ്‌വൈ പദ്ധതിക്കുവേണ്ടി പ്രപ്പോസല്‍ നല്‍കുന്നത്. രാജ്യത്തെ 39 മെഡിക്കല്‍ കോളജുകള്‍ക്കാണു നിലവാരം ഉയര്‍ത്താന്‍ അംഗീകാരം ലഭിച്ചത്. ഇതില്‍ ഒന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. കേരളത്തില്‍ പദ്ധതിയില്‍ ഇടം നേടിയ രണ്ടാമത്തെ കോളജ് ആലപ്പുഴയിലാണ്. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍, നിയോ നാറ്റോളജി, ഇമ്യൂണോ ഹീമാറ്റോളജി, ട്രാന്‍സ് ഫ്യൂഷന്‍ മെഡിസിന്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളും ലഭ്യമാവും. ബയോ കെമിസ്ട്രി, പാത്തോളജി, മൈക്രോ ബയോളജി എന്നീ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സെന്റര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനവും പദ്ധതി വഴി ലഭിക്കും. ഐസിയു ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന നേട്ടമാണ് മറ്റൊന്ന്. നിലവിലുള്ള ന്യൂ മെഡിക്കല്‍ കോളജ് ആശുപത്രി (എന്‍എംസിച്ച്) കെട്ടിടം പുനരുദ്ധരിക്കുകയും മോഡുലാര്‍ ഓപറേഷന്‍ തിയേറ്ററും എന്റോസ് കോപ്പി ഡ്യൂട്ടും സൂപ്പര്‍ സെപ്ഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുകയും ചെയ്യും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും പഴയ മെഡിക്കല്‍ കോളജും ഐഎംസിഎച്ചും തമ്മിലുള്ള ഇന്റര്‍ കണക്ഷനും സാധ്യമാവും. കേന്ദ്രസര്‍ക്കാരിന്റെ 125 കോടിയും കേരള സര്‍ക്കാരിന്റെ 25.20 കോടി രൂപയുടെ സഹായവും ഉള്‍പ്പടെ 160.2 കോടി യുടെ ധനസഹായമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനായി ലഭിച്ചത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡും തമ്മിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയോട് ചേര്‍ന്ന് നിലവിലുള്ള ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് പൊളിച്ചുമാറ്റിയാണ് ഏഴു നിലകളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതു പൊളിച്ചു മാറ്റാനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. പകരം പുതിയ ഹോസ്റ്റല്‍ കോഫി ഹൗസിനു പിന്നില്‍ പൂര്‍ത്തിയായി വരുന്നു. ഇതിന്റെ പണി ഉടന്‍ പൂര്‍ത്തിയാവുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ പറഞ്ഞു. പിഎംഎസ്എസ്‌ ൈവ പദ്ധതിയില്‍ മൂന്നാമത്തെ ഫേസില്‍ ഉള്‍പ്പെടുത്തിയാണ് 16.263 സ്‌ക്വയര്‍ മീറ്ററില്‍ കെട്ടിടം നിര്‍മ്മിക്കുക. കെട്ടിട നിര്‍മാണത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഫണ്ട് വകയിരുത്തിയത്.
Next Story

RELATED STORIES

Share it