Flash News

കേന്ദ്ര നിയമമന്ത്രിയുടെ പ്രസ്താവന അപഹാസ്യം : ഇ അബൂബക്കര്‍



ന്യൂഡല്‍ഹി: ഒളികാമറാ ഓപറേഷന്‍ എന്ന നിലയില്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട വാര്‍ത്തയുടെ പേരില്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയ പരാമര്‍ശങ്ങള്‍ അപഹാസ്യവും പദവിക്കു നിരക്കാത്തതുമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. പുറത്തുവന്ന വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന്‍ പോലും കാത്തുനില്‍ക്കാതെ കേരളത്തില്‍ ആരോപിക്കപ്പെടുന്ന മതപരിവര്‍ത്തനം ഉയര്‍ത്തി മന്ത്രി ഒരു ജനകീയ മുന്നേറ്റത്തെ കടന്നാക്രമിക്കുകയായിരുന്നു. പോപുലര്‍ ഫ്രണ്ടിനെ പോലുള്ള ഒരു പ്രസ്ഥാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരില്‍ ഉന്നതപദവി വഹിക്കുന്ന മന്ത്രിക്കു വിശ്വാസ യോഗ്യമല്ലാത്ത ഒരു ഒളികാമറാ വാര്‍ത്തയുടെ ആവശ്യമില്ല. സംഘടനകളെ അടിച്ചമര്‍ത്താന്‍ പര്യാപ്തമായ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ മന്ത്രിയും സര്‍ക്കാരും ഇരുട്ടില്‍തപ്പുന്നുവെന്ന പ്രതീതിയാണ് ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും പ്രതിഫലം നല്‍കി തെളിവുകള്‍ കെട്ടിച്ചമയ്ക്കാനും ഇക്കൂട്ടര്‍ക്കു മടിയില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന. എക്കാലത്തും ഭരണഘടനാ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംഘടനയാണു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. അന്വേഷണ റിപോര്‍ട്ടുകള്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന കെട്ടിച്ചമച്ച തെളിവുകളില്ലാതെ പോപുലര്‍ ഫ്രണ്ടിനെതിരേ യാതൊന്നും ഇല്ലെന്നാണ് ഇത്തരം വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ധാര്‍മികതയുടെ അംശമെങ്കിലുമുണ്ടെങ്കില്‍, എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ പൂര്‍ണമായി പുറത്തുവിടാന്‍ മന്ത്രി രവി ശങ്കര്‍പ്രസാദിനെയും ഇന്ത്യാ ടുഡേയെയും ചെയര്‍മാന്‍ ഇ അബൂബക്കര്‍ വെല്ലുവിളിച്ചു.
Next Story

RELATED STORIES

Share it