കേന്ദ്ര നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് ബിഎംഎസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി ചോദ്യംചെയ്ത് സംഘപരിവാര തൊഴിലാളിസംഘടനയായ ബിഎംഎസ്. സര്‍ക്കാര്‍ പിന്തുടരുന്ന ഉദാരവല്‍ക്കരണനയം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും ബിഎംഎസ് വക്താവ് ബ്രിജിഷ് ഉപാധ്യായ മുന്നറിയിപ്പു നല്‍കി. ബാങ്കിങ് ഉള്‍പ്പെടെ 15ഓളം മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. സംഘടനയുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സംഘടന ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ഇതിനുശേഷവും നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പരസ്യമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ഡിഐ വിഷയത്തില്‍ ഇതുവരെയുണ്ടായ ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപ്രതം പുറപ്പെടുവിക്കണം. വിഷയം ചര്‍ച്ചചെയ്യാനായി അടിയന്തര യോഗം വിളിക്കണം. നിലവിലെ സാമ്പത്തികരംഗത്തിനു കടുത്ത ഭീഷണിയാണ് വിദേശനിക്ഷേപംമൂലം ഉണ്ടാവുന്നത്. ചില്ലറവില്‍പ്പന മേഖലയെ പാടേ തകര്‍ക്കും. സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചില്ലറവില്‍പ്പന രംഗത്തുള്‍പ്പെടെ 15 മേഖലകളില്‍ എഫ്ഡിഐ അനുവദിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം സംഘപരിവാര സംഘടനയായ സ്വദേശി ജഗരണ്‍ മഞ്ചും എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ അടുത്ത മാസം വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് മഞ്ച് നേതാവ് അശ്വനി മഹാജന്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് അനുകൂലമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കിലും അവകാശങ്ങള്‍ കൊള്ളയടിക്കാതിരിക്കുകയെങ്കിലും വേണമെന്ന് ബിഎംഎസ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ സി മിശ്ര നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയല്ല, സമ്പന്നര്‍ക്കുള്ളതാണ് മോദിയുടെ ആനുകൂല്യങ്ങള്‍. മോദിക്കു ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും അര്‍ഥമറിയില്ലെന്നും മിശ്ര വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it