കേന്ദ്ര നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രി: പി സി ജോര്‍ജ്

കോട്ടയം: പശ്ചിമഘട്ടം സംബന്ധിച്ച് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച അവസാന റിപോര്‍ട്ടും തള്ളിയതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൊലച്ചതിയാണെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്. മലയോര കര്‍ഷകരെ വഞ്ചിച്ച കേന്ദ്ര സംസ്ഥാന നടപടികള്‍ക്കെതിരേ കര്‍ഷകരോടൊപ്പം  14ന് കട്ടപ്പനയില്‍ ഉപവസിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പശ്ചിമഘട്ടത്തിലെ 119 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പ് അച്ചാരം കീശയിലിട്ട യുദാസിന്റെ കാപട്യം മാത്രമായിരുന്നു. വികസിത രാജ്യങ്ങളില്‍ നിന്നും കാര്‍ബണ്‍ ഫണ്ട് കൈപ്പറ്റിയ എഐസിസിയുടെയും ജയറാം രമേശിന്റെയും ദല്ലാളായി നിന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മലയോര കര്‍ഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.

സപ്തംബര്‍ 4ലെ വിജ്ഞാപനത്തിന് ശേഷം കേരളം കൊടുത്ത റിപോര്‍ട്ടുകള്‍ അപര്യാപ്തമാണെന്ന് കാണിച്ച് 13 കത്തുകളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അയച്ചത്. ഒരെണ്ണത്തിനു പോലും കേരളം മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി  ജനങ്ങളോട് പറയണം. ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കില്‍ ഗോവയും മഹാരാഷ്ട്രയും നല്കിയതു പോലെ സപ്തംബര്‍ 4ലെ വിജ്ഞാപനത്തിന് മുമ്പായി കൃത്യമായ പ്ലാനോടു കൂടിയ റിപോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it