കണ്ണന്‍ദേവന്‍ കമ്പനിയുടെ മൂന്നാറിലെ ഭൂമി കൈമാറ്റം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കണ്ണന്‍ദേവന്‍ കമ്പനി മൂന്നാറില്‍ നടത്തിയ ഭൂമി കൈമാറ്റങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി കൈവശം വയ്ക്കലും കൈമാറ്റം ചെയ്യലും സര്‍ക്കാര്‍ഭൂമി കൈയേറ്റവും വ്യാജരേഖ ചമയ്ക്കലുമുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കമ്പനിയുടെയും മുന്‍ഗാമികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേവികുളം എസ്.ഐ. സി ജെ ജോണ്‍സണ്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തും സര്‍ക്കാര്‍ നടപടികള്‍ക്കെതിരേയും കണ്ണന്‍ദേവന്‍ സമര്‍പ്പിച്ച ഹരജികളിലാണ് റവന്യൂ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്‍ ഭട്ട് മുഖേന സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

വനഭൂമിയും സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളെല്ലാം ലംഘിച്ചതിനു പുറമെ ഫെറ ചട്ടലംഘനമുള്‍പ്പെടെ നടത്തി കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരിക്കുന്നു.മൂന്നാറിലെ ഭൂമി ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനി കൊല്‍ക്കത്ത ആസ്ഥാനമായ ടാറ്റ ഫിന്‍ലെക്കു കൈമാറിയ നടപടി നിയമവിരുദ്ധവും സാധുതയില്ലാത്തതുമാണ്. മൂന്നാറിലെ ഭൂമി കൈമാറിയ കമ്പനി ഇംഗ്ലണ്ടിലെ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സ്‌കോട്ട്‌ലന്‍ഡിലാണ് കമ്പനിയുടെ ആസ്ഥാനം.

വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന രജിസ്‌ട്രേഷന്‍ മുഖേനയാണ് 1976ലെ കൈമാറ്റങ്ങള്‍ നടന്നിരിക്കുന്നത്. ബ്രിട്ടിഷ് അധികൃതരുടെ അനുമതി മാത്രം വാങ്ങിയാണ് ഒരു വിദേശകമ്പനി ഇന്ത്യക്കകത്ത് വ്യാജരേഖകളുടെ ബലത്തില്‍ ഭൂമി കൈമാറ്റം നടത്തിയിരിക്കുന്നത്. വിദേശവിനിമയ നിയന്ത്രണ നിയമം അനുസരിച്ച് ഇന്ത്യയില്‍ ഭൂമി കൈമാറ്റത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരമൊരു ഭൂമി കൈമാറ്റം സാധുവാകൂ എന്നിരിക്കെ വ്യാജരേഖകള്‍ ചമച്ചാണ് ഭൂമിയുടെ കൈമാറ്റം നടത്തിയിട്ടുള്ളത്. ആംഗ്ലോ അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിങ് കമ്പനി ടാറ്റ ഫിന്‍ലേക്ക് 5250 ഏക്കര്‍ ഭൂമി കൈമാറ്റം നടത്തിയതും നിയമവിരുദ്ധമാണ്.

സ്വകാര്യ വനഭൂമി കൈവശംവയ്ക്കലും പതിച്ചുനല്‍കലും, കേരള ഭൂപരിഷ്‌കരണ നിയമം, കുത്തകപ്പാട്ട നിയമം എന്നിവയുടെ ലംഘനവും ഈ ഭൂമി ഇടപാടുകളില്‍ ഉണ്ടായിട്ടുണ്ട്. ദേവികുളത്തു നടന്ന രജിസ്‌ട്രേഷന്‍ നടപടിയില്‍ വന്‍തോതില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ അട്ടിമറിക്കാനും നിയമങ്ങള്‍ മറികടക്കാനുമാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഹരജിയിലെ ആവശ്യം തള്ളണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it