Editorial

കേന്ദ്രീകൃത പ്രവേശനപ്പരീക്ഷ അഭികാമ്യമല്ല

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തില്‍ ഏകീകൃത പരീക്ഷ നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നു. ഇതിനുമുമ്പ് ഇതുസംബന്ധിച്ച നിര്‍ദേശം സുപ്രിംകോടതി തള്ളിക്കളയുകയാണുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സുപ്രിംകോടതിയുടെ വിലക്ക് മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതുവരെയായി കേന്ദ്ര സ്ഥാപനങ്ങള്‍ക്കു പുറമേ സംസ്ഥാന സര്‍ക്കാരുകളോ പ്രശസ്തമായ മെഡിക്കല്‍ കോളജുകളോ ആണ് വൈദ്യശാസ്ത്ര കോഴ്‌സുകളിലേക്ക് പ്രവേശനപ്പരീക്ഷ നടത്തി വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരുന്നത്. യോഗ്യതാപരീക്ഷയുടെ നിലവാരത്തകര്‍ച്ചയും പ്രവേശനപ്പരീക്ഷകളില്‍ കാണുന്ന തട്ടിപ്പുകളും കാരണം തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം പുനസ്ഥാപിച്ചു. അതു വലിയ കുഴപ്പങ്ങള്‍ക്കൊന്നും കാരണമായിട്ടില്ല.
നിലവിലുള്ള പ്രീ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ അഖിലേന്ത്യാതലത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരമൊരു നിര്‍ദേശം മുമ്പു വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളാണ് അതിനെതിരേ ആദ്യം തന്നെ രംഗത്തുവന്നത്. അതോടൊപ്പം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ കോളജുകളും കേന്ദ്രീകൃത പ്രവേശനപ്പരീക്ഷയ്ക്ക് എതിരായിരുന്നു. വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ വൈവിധ്യങ്ങളും സങ്കീര്‍ണതകളുമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ ഒരൊറ്റ പ്രവേശനപ്പരീക്ഷയെന്നത് പൊതുവില്‍ ഫെഡറല്‍ സംവിധാനത്തിനു തന്നെ എതിരാണെന്നാണ് സംസ്ഥാനങ്ങള്‍ വാദിച്ചത്. അത് ന്യായവുമായിരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ നിയന്ത്രിക്കാനുള്ള ദുരുദ്ദേശ്യം പദ്ധതിക്കു പിന്നിലുണ്ടെന്നായിരുന്നു ചില വിഭാഗങ്ങള്‍ സംശയിച്ചത്.
പ്രവേശനപ്പരീക്ഷകള്‍ മാത്രമാണ് ശാസ്ത്രീയവും കുറ്റമറ്റതുമെന്ന തെറ്റായ നിഗമനം ഇത്തരം നിര്‍ദേശങ്ങള്‍ക്കു പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്. എയിംസ് നടത്തിയ പ്രവേശനപ്പരീക്ഷകളും കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാതലത്തില്‍ നടന്ന പ്രീ മെഡിക്കല്‍ പരീക്ഷകളും അത്തരം ധാരണകള്‍ തെറ്റാണെന്നു തെളിയിച്ചു. മെഡിക്കല്‍-എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് പ്രവേശനപ്പരീക്ഷകള്‍ ആരംഭിച്ചശേഷം വരേണ്യവര്‍ഗത്തിലെ കുട്ടികള്‍ക്കാണ് പലപ്പോഴും പ്രവേശനം സാധ്യമാവുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലും ഏതാണ്ട് അതാണു സ്ഥിതി. കുട്ടികളില്‍ ബാല്യത്തില്‍ തന്നെ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നതിന് മാതാപിതാക്കള്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യമാണ് വളര്‍ന്നുവന്നിരിക്കുന്നത്. അതോടൊപ്പം കോച്ചിങ് സെന്ററുകളുടെ പേരില്‍ വന്‍തോതില്‍ പണം പിടുങ്ങുന്ന സമാന്തര വ്യവസ്ഥയും നിലവില്‍ വന്നിട്ടുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ പ്രവേശനപ്പരീക്ഷകള്‍ നിര്‍ത്തലാക്കുക പ്രയാസമായിരിക്കാം. പക്ഷേ, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു കേന്ദ്രീകൃത ഏജന്‍സി ഒരു പരീക്ഷ മാത്രം നടത്തുന്ന സമ്പ്രദായം ആശാസ്യമല്ലെന്നുള്ളതില്‍ സംശയം ഒട്ടുമില്ല. നിലവിലുള്ള സംവിധാനം കുറ്റമറ്റതാക്കാനുള്ള നിര്‍ദേശങ്ങളാണ് പകരം വരേണ്ടത്.
Next Story

RELATED STORIES

Share it