kannur local

കേന്ദ്രാവിഷ്‌കൃത പദ്ധതിയെ ചൊല്ലി ബഹളം; ഇറങ്ങിപ്പോക്ക്

കണ്ണൂര്‍: സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കും ന്യൂനപക്ഷ വിദ്യഭ്യാസ പുരോഗതിക്കും വേണ്ടി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജെവികെയുമായി ബന്ധപ്പെട്ട പ്രപ്പോസലുകള്‍ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ കൗ ണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. 10 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുന്നതില്‍ കോര്‍പറേഷന്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും നടന്നതിനു പിന്നാലെയാണ് നാടകീയ രംഗങ്ങളുണ്ടായത്.
ഉച്ചയ്ക്കു രണ്ടരയ്ക്കു ചേര്‍ന്ന യോഗം വൈകീട്ട് അഞ്ചിനു ശേഷമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. ഏറെ വാഗ്വാദങ്ങള്‍ക്കു ശേഷം, ഭരണപക്ഷ അംഗങ്ങള്‍ സംസാരിച്ച ശേഷം മൈക്ക് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് മേയര്‍ ഇ പി ലത അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് അഡ്വ. ടി ഒ മോഹനനാണ് മൈക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ മേയര്‍ ആവശ്യം നിരസിച്ചതോടെ കോണ്‍ഗ്രസ്, ലീഗ് പ്രതിനിധികളായ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തുകയായിരുന്നു.
ഇതിനിടെ മേയര്‍ മറ്റു നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഭരണപക്ഷാംഗങ്ങള്‍ മേയര്‍ക്ക് വേണ്ടി പ്രതിരോധമുയര്‍ത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. മേയറുടെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചു. സംഭവത്തില്‍ കോര്‍പറേഷന്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കലക്്ടര്‍ക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ കലക്്ടര്‍ നിര്‍ദേശിച്ചത്. കോര്‍പറേഷനിലെ നാല് ആര്‍എംഎസ്എ സ്‌കൂളുകള്‍ ഉള്‍പ്പെടെ 94 സ്‌കൂളുകള്‍ക്കാണ് 10 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. മൂന്നുമാസം മുമ്പാണ് പിഎംജെവികെയിലേക്ക് 10 കോടിയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതുവരെ പദ്ധതിയുടെ കരട് പോലും കൗണ്‍സില്‍ ചര്‍ച്ചചെയ്തിരുന്നില്ല. മേയര്‍ ചെയര്‍മാനായി ബ്ലോക്ക് സമിതി രൂപീകരിച്ചാണ് പദ്ധതി തയ്യാറാക്കേണ്ടത്. ഇതില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലെ മൂന്നുപേരെയും ഉള്‍പ്പെടുത്താം. ഈമാസം 10നകം പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. എന്നാല്‍, യോഗം തുടങ്ങിയപ്പോള്‍ തന്നെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അക്ഷീണ പ്രയത്‌നത്തിലൂടെയാണ് പ്രപ്പോസല്‍ തയ്യാറാക്കിയതെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ആരാണ് സമിതി രൂപീകരിച്ചതെന്നും അവ്യക്തത നീക്കണമെന്നും ടി ഒ മോഹനന്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടിയുമായി ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് രംഗത്തെത്തി. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷതരുടെ കൃത്യവിലോപമാണ് അറിയിക്കുന്നതിലെ അപാകതയെന്നും ഉദ്യോഗസ്ഥര്‍ കഠിന പ്രയത്‌നം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ പദ്ധതി അട്ടിമറിക്കുകയാണെന്നും ഒറ്റ മദ്‌റസകളെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലീഗ് പ്രതിനികളായ എം പി മുഹമ്മദലിയും കെ പി എ സലീമും പറഞ്ഞു. തെറ്റുപറ്റിയെന്ന് സമ്മതിക്കണമെന്നും ഈ രീതിയില്‍ സമര്‍പ്പിച്ചാല്‍ തള്ളുമെന്നും കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണന്‍ പറഞ്ഞു. ഒടുവില്‍ പദ്ധതിയുടെ പ്രപ്പോസല്‍ അംഗീകരിച്ചതായി മേയര്‍ ഇ പി ലത അറിയിച്ചു. മേയര്‍ ഇപി ലത, എന്‍ പി ബാലകൃഷ്ണന്‍, സി സമീര്‍, അമൃത രാമകൃഷ്ണന്‍, വെള്ളോറ രാജന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it