കേന്ദ്രസര്‍വകലാശാലാ വിസി അനധികൃതമായി വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ നടപടി

എ പി വിനോദ്

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ രണ്ടു സര്‍വകലാശാലയില്‍ നിന്ന് അനധികൃതമായി നാലുവര്‍ഷം ഡിഎ ഇനത്തില്‍ വാങ്ങിയ 20 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കാന്‍ യുജിസി നടപടി ആരംഭിച്ചു. കേന്ദ്ര സര്‍വകലാശാലയ്ക്കു പുറമേ കേരള സര്‍വകലാശാലയില്‍ നിന്നു കൂടി ഡിഎ കൈപ്പറ്റുന്നതായി നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്.
കേരള സര്‍വകലാശാലയി ല്‍ നിന്നു വിരമിച്ചതിനു ശേഷം 2014 ആഗസ്തിലാണ്് ഗോപകുമാര്‍ കേന്ദ്ര സര്‍വകലാശാലയി ല്‍ വിസിയായി ചുമതലയേറ്റത്. രണ്ടു സ്ഥാപനങ്ങളില്‍ ഡിഎ വാങ്ങരുതെന്ന നിര്‍ദേശമുള്ളതിനാല്‍ പെന്‍ഷന്‍ തുകയായ 30,000 രൂപ കുറച്ചാണ് ഇദ്ദേഹം കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ശമ്പളം കൈപ്പറ്റിയിരുന്നത്. എന്നാല്‍, അടിസ്ഥാന പെന്‍ഷനോടൊപ്പമുള്ള ഡിആ ര്‍ (ഡിയര്‍നസ് റിലീഫ്) ഇദ്ദേഹം കൈപ്പറ്റുന്നുമുണ്ട്. പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ടാണ് ഡിആര്‍ നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ നിന്നു മാത്രമേ ഡിആര്‍ വാങ്ങാവൂ എന്ന ചട്ടം മറികടന്നാണ് ഇദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്നു ഡിആര്‍ കൈപ്പറ്റുന്നതെന്നാരോപിച്ച് മുന്‍ പരീക്ഷാ ക ണ്‍ട്രോളര്‍ ശശിധരന്‍ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കേന്ദ്ര സര്‍വകലാശാല ഇതേക്കുറിച്ചു യുജിസിയോട് ഉപദേശം ആരാഞ്ഞിരുന്നു. രണ്ടു സ്ഥാപനങ്ങളില്‍ നിന്നു ഡിഎ വാങ്ങരുതെന്നാണ് യുജിസി മാര്‍ഗനിര്‍ദേ ശം. ഇതിന്റെ അടിസ്ഥാനത്തി ല്‍ കഴിഞ്ഞ ദിവസമാണ് യുജിസി രണ്ടു സര്‍വകലാശാലയി ല്‍ നിന്ന് അലവന്‍സ് വാങ്ങുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്.
കേരള സര്‍വകലാശാല നല്‍കുന്ന ഡിയര്‍നസ് റിലീഫ് അവസാനിപ്പിക്കാനും എത്ര തുക കൈപ്പറ്റിയെന്നും അറിയിക്കാന്‍ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് കേന്ദ്ര സര്‍വകലാശാല കത്ത് നല്‍കിയിട്ടുണ്ട്. 2014 ആഗസ്ത് മുതല്‍ ഇതുവരെ ജി ഗോപകുമാര്‍ ഇങ്ങനെ കൈപ്പറ്റിയ തുക ഏതാണ്ട് മാസം തോറും 40,000 രൂപ തോതിലും ഇതിലുണ്ടായ വര്‍ധനയും കണക്കാക്കി 47 മാസത്തില്‍ 20 ലക്ഷത്തോളം രൂപ വരുമെന്നാണ് കണക്ക്. ഈ തുക തിരിച്ചു നല്‍കുന്നതിന് അദ്ദേഹത്തിന്റെ ഇനിയുള്ള കാലം കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ലഭിക്കുന്ന ശമ്പളത്തില്‍ നിന്നു പിടിച്ച് കേരള സര്‍വകലാശാലയ്ക്കു നല്‍കാനാണ് തീരുമാനം. ഒരു വര്‍ഷം മാത്രം വൈസ് ചാന്‍സലര്‍ തസ്തികയില്‍ തുടരാനാവുന്ന ഇദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്നു പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ പിടിച്ചാല്‍ മാത്രമേ ഈ തുക തിരിച്ചടയ്ക്കാനാവൂ.

Next Story

RELATED STORIES

Share it