കേന്ദ്രസര്‍വകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് ഓഡിറ്റ് റിപോര്‍ട്ട്

എ  പി   വിനോദ്

കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപോര്‍ട്ട്. അസി. ഓഡിറ്റ് ഓഫിസറും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലുമായ കെ വി ശ്രീദേവിയുടെ ഓഡിറ്റ് റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെമിസ്ട്രി ഡിപാര്‍ട്ട്‌മെന്റിലെ അസോഷ്യേറ്റ് പ്രഫസറായ പ്രദീപന്‍ പെരിയാട്ടിന്റെ നിയമനത്തെത്തുടര്‍ന്ന് കേന്ദ്രസര്‍വകലാശാലയ്ക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ ചട്ടവിരുദ്ധമായാണു നിയമനം നടത്തിയതെന്നും റിപോര്‍ട്ടിലുണ്ട്. കേന്ദ്രസര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറാവണമെങ്കില്‍ അസി. പ്രഫസര്‍ തസ്തികയില്‍ ചുരുങ്ങിയത് എട്ടുവര്‍ഷമെങ്കിലും സേവനം അനുഷ്ഠിച്ചിരിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ പ്രദീപന്‍ എട്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നില്ല. സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടും ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ഇന്‍ക്രിമെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. 2016 ജനുവരിയിലാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. പ്രദീപനോടൊപ്പം അസോഷ്യേറ്റ് പ്രഫസര്‍ സ്ഥാനത്തേക്ക് അപേക്ഷ നല്‍കി കിട്ടാതെ പോയ ഉദ്യോഗാര്‍ഥി അനില്‍കുമാര്‍ നല്‍കിയ വിവരാവകാശരേഖയുടെ അടിസ്ഥാനത്തിലാണ് പ്രദീപന്റെ യോഗ്യതയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തായത്. അന്ന് പ്രദീപനെ പുറത്താക്കാന്‍ കേന്ദ്രസര്‍വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് അനില്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ്് പ്രദീപനെ പുറത്താക്കാന്‍ കേന്ദ്രസര്‍വകലാശാല അധികൃതര്‍ തയ്യാറായത്. സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍വകലാശാല ചീഫ് വിജിലന്‍സ് ഓഫിസര്‍ എം എച്ച് ജോണിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റി അസി. പ്രഫസറുടെ നിലവാരത്തിലല്ല ഒന്നരവര്‍ഷം ക്ലാസ് എടുത്തതെന്നു കണ്ടെത്തിയിരുന്നു. പ്രദീപന്റെ നിയമനത്തില്‍ കേന്ദ്രസര്‍വകലാശാലയ്ക്ക് വീഴ്ച അംഗീകരിക്കാന്‍ പറ്റില്ലെന്നു റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.കേന്ദ്രസര്‍വകലാശാലയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണവുമായി അധ്യാപകര്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it