കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റിക്കുടിക്കുന്നു: പി ചിദംബരം

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം.രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കളമശ്ശേരി എസ്‌സിഎംഎസ് കോളജുമായി സഹകരിച്ചു സംഘടിപ്പിച്ച സെമിനാറില്‍ ബജറ്റ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെട്രോള്‍ വില ബാരലിന് 70 ഡോളറായാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. ഈ സര്‍ക്കാരിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ലോകം സാമ്പത്തിക വളര്‍ച്ചയിലേക്കു കുതിക്കുമ്പോള്‍ ഇന്ത്യ പുറകിലേക്കു പോവുന്നു. മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും ചിദംബരം ആരോപിച്ചു. തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ല. കര്‍ഷകര്‍ക്ക് താങ്ങുവില പോലും നല്‍കിയില്ല. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വളര്‍ച്ചയില്ല. പിന്നെ എന്താണ് ഇത്രയും കാലം മോദി സര്‍ക്കാര്‍ ചെയ്തതെന്നും ചിദംബരം ചോദിച്ചു. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ 2022ല്‍ പുതിയ ഇന്ത്യ നല്‍കുമെന്നാണ് നരേന്ദ്രമോദി പറയുന്നത്. പഴയ ഇന്ത്യയില്‍ ഇതിലും സാമ്പത്തികവളര്‍ച്ച ഉണ്ടായിരുന്നു. ദയവായി ആ പഴയ ഇന്ത്യ തിരികെ തന്നാല്‍ മതിയെന്ന് ചിദംബരം പറഞ്ഞു. വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കൃത്യമായ നയങ്ങള്‍ പോലും സര്‍ക്കാരിനില്ല. ബജറ്റില്‍ കണക്കുകളിലൂടെ ജാലവിദ്യ കാണിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചെയ്തത്. ജനങ്ങള്‍ക്ക് പ്രലോഭനം നല്‍കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കറന്‍സി നിരോധനം തൊഴിലവസരങ്ങളെ സാരമായി ബാധിച്ചു. കുറഞ്ഞത് നാല് ലക്ഷം തൊഴിലവസരങ്ങള്‍ ഇതുമൂലം ഇല്ലാതാക്കപ്പെട്ടു. ഏത് മേഖലയിലാണ് തൊഴിലവസരം സൃഷ്ടിച്ചതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ആരോഗ്യമേഖലയില്‍ 30 കോടി ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം. എന്നാല്‍ ബജറ്റില്‍ ഇന്‍ഷുറന്‍സ് എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഓടിയൊളിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും ചിദംബരം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it