കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: കുത്തകകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്ഓയില്‍ വില അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 39.89 ഡോളറിലെത്തിയിട്ടും പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കാത്ത കുത്തകകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ക്രൂഡ് ഓയില്‍ വില കൂടുമ്പോഴെല്ലാം വില വര്‍ധിപ്പിച്ച് ജനങ്ങള്‍ക്കു അമിതഭാരം ചുമത്തിയ സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും വില വര്‍ധിപ്പിക്കുകയാണ്. പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും വര്‍ധിപ്പിച്ചത് രണ്ടു ദിവസം മുമ്പാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ ആനുകൂല്യം അതേപടി ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അഞ്ചുതവണയാണ് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 19.06 രൂപയും ഡീസലിന് 10.66 രൂപയുമാണ് നിലവില്‍ കേന്ദ്രം ഈടാക്കുന്ന തീരുവ.
പയര്‍, പരിപ്പ് ഉല്‍പ്പന്നങ്ങളുടെ സംഭരണപരിധിയെടുത്തുകളഞ്ഞ് 2014 സപ്തംബര്‍ 30ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കുത്തകകളെ സഹായിക്കാന്‍ ലക്ഷ്യംവച്ചുള്ളതായിരുന്നു. പരിപ്പ് ഉല്‍പ്പന്നങ്ങള്‍ അനിയന്ത്രിതമായി വലിയ സംഭരണശാലകളില്‍ സംരക്ഷിക്കുകയും കൃത്രിമമായി വിലവര്‍ധന സൃഷ്ടിക്കുകയുമാണ് വന്‍കിട കുത്തകകള്‍. ഇതിന്റെ ഭാരം പേറുന്നതും സാധാരണ ജനങ്ങളാണ്. റെയില്‍വേ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കുത്തകകളെ വഴിവിട്ട് സഹായിക്കാന്‍ അമിതാവേശമാണ് കാണിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുമേല്‍ സാധ്യമാവുന്ന മുഴുവന്‍ മേഖലകളിലും വില വര്‍ധിപ്പിച്ചും സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കിയും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it