കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി/കൊച്ചി/തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. സംഭവത്തില്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ സഹായത്തോടെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നു കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മാനേജിങ് ഡയറക്ടറോട് കേന്ദ്ര തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി ഉത്തരവിട്ടു. അതേസമയം, കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നതു സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്നും ഇതിനായി കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായും കൊച്ചി കപ്പല്‍ശാലാ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര അന്വേഷണത്തിനായി ഓപറേഷന്‍സ് ഡയറക്ടര്‍ എസ് ഡി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും പ്രത്യേക അന്വേഷണം നടത്തും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സാങ്കേതികതലത്തിലുള്ള അന്വേഷണത്തിനായി ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്. ഇവര്‍ ഉടനെയെത്തുമെന്നും മധു പറഞ്ഞു. ഡിജി ഷിപ്പിങിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കും. പൊട്ടിത്തെറിയുണ്ടായ ടാങ്കില്‍ ഏതാനും ദിവസങ്ങളായി അറ്റകുറ്റപ്പണി നടന്നുവരുന്നതാണ്. ടാങ്ക് സ്‌ഫോടന സ്വഭാവമില്ലാത്തതാണ്. ടാങ്കിനുള്ളില്‍ വാതകം പടര്‍ന്നിട്ടല്ലാതെ പൊട്ടിത്തെറി സംഭവിക്കില്ല. അതേസമയം, ഏതു വാതകമാണെന്നും എങ്ങനെ ചോര്‍ന്നു എന്നിങ്ങനെ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ജീവനക്കാര്‍ക്കു മതിയായ സുരക്ഷാസൗകര്യം ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നു കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം,  ദുര ന്തം  ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it