Flash News

കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെയും സ്വകാര്യവല്‍ക്കരണം പുനപ്പരിശോധിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തില്‍ നിന്ന് അനുകൂല പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഡി കെ മുരളിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 2017 ജൂണ്‍ 16നു കത്തയച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്. സര്‍ക്കാര്‍ഭൂമി ലഭ്യമാക്കിയും നികുതിയിനത്തില്‍ പരമാവധി ഇളവു നല്‍കിയും പ്രവര്‍ത്തന മൂലധനത്തിന് ബാങ്കുകളില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കാനും തയ്യാറാണെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും ഇക്കാര്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും ഒടുവില്‍  ഫെബ്രുവരി 20ന് കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
5000ത്തോളം തൊഴിലാളികളാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്. കേരളത്തിലെ മറ്റ് ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇവയെയെല്ലാം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനു ശക്തമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it