Flash News

കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനം : ആഞ്ഞടിച്ച് കേരളം



കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധിച്ചു. രാവിലെ 11 മണിയോടെ നരേന്ദ്രമോദിയുടെ കോലത്തില്‍ പശുവിന്റെ ചിത്രം ചേര്‍ത്ത കോലവുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി  പ്രവര്‍ത്തകര്‍ പള്ളിമുക്കിലെ ബിജെപി ഓഫിസിന് മുന്നിലെത്തിയത്. മോദിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഓഫിസിന് സമീപത്തെ റോഡരികില്‍ വാഴയിലയില്‍ ബീഫും പൊറോട്ടയും വിളമ്പി പ്രതിഷേധിച്ചു. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധനമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിറ്റോ ആന്റണി പറഞ്ഞു. കേരളത്തില്‍ ഇരട്ടമുഖമാണ്  ബിജെപിക്കെന്നും ജനങ്ങളെ വഞ്ചിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും ടിറ്റോ ആന്റണി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ടിബിന്‍ ദേവസ്സി അധ്യക്ഷത വഹിച്ചു. കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ സേതുരാജ്, എസ് ഭാഗ്യനാഥ്, എ എ അജ്മല്‍, ദിലീപ് കുഞ്ഞുകുട്ടി, ഷാന്‍ പുതുപ്പറമ്പില്‍, വിവേക് ഹരിദാസ്, പി എച്ച് അനീഷ്, ഫെന്‍സണ്‍, നീല്‍ ഹര്‍ഷന്‍, ഡിക്കു ജോസ്‌നേതൃത്വം നല്‍കി. അതെസമയം, ബിജെപി ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം നിയമവിരുദ്ധമാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ പോലിസ് നോക്കുകുത്തികളാവുകയാണെന്നും ജില്ലാകമ്മിറ്റി ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്തില്‍ നടന്ന ബീഫ് ഫെസ്റ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം ഫാഷിസവും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതുമാണ്.  അതിനെതിരേയാണ് പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള 19 ഏരിയാ കമ്മിറ്റിയുടെയും മൂന്ന് സര്‍വകലാശാലയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വി എം ജുനൈദ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it