കേന്ദ്രസര്‍ക്കാരിനെ ജയലളിത പുറത്തുനിന്നു പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: ജയലളിതയുടെ അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യത്തെ പുറത്ത് നിന്നു പിന്തുണച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നു. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജയലളിത നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ഇക്കാര്യത്തില്‍ ധാരണയാവുക. ലോക്‌സഭയില്‍ നിലവില്‍ 39 അംഗങ്ങളാണ് അണ്ണാ ഡിഎംകെക്ക് ഉള്ളത്. രാജ്യസഭയിലാവട്ടെ 12 അംഗങ്ങളും ഉണ്ട്. ജയലളിതയുടെ പിന്തുണ ബിജെപിക്ക് ലഭിക്കുകയാണെങ്കില്‍ ബില്ലുകള്‍ പാസാക്കാന്‍ രാജ്യസഭയില്‍ വിയര്‍ത്തുകുളിക്കുന്ന ബിജെപിക്ക് ആശ്വാസമാവും.
സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയാണെങ്കില്‍ അണ്ണാ ഡിഎംകെയുടെ എന്‍ഡിഎ സഹകരണം സംബന്ധിച്ച ഔപചാരികമായ ഒരു നടപടി മാത്രമായിരിക്കും അത്. നേരത്തേതന്നെ പല ഘട്ടങ്ങളിലും പാര്‍ലമെന്റിനകത്തും പുറത്തും എന്‍ഡിഎക്ക് അനുകൂലമായി ജയലളിത നിലപാട് സ്വീകരിച്ചിരുന്നു.
കഴിഞ്ഞ തവണ ജയലളിത തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായിട്ടുകൂടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പരസ്യമായി മോദിയോടൊപ്പം വേദി പങ്കിടാന്‍ മടിച്ചപ്പോഴായിരുന്നു ജയലളിതയുടെ മോദി സ്‌നേഹം. കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷിയായ ഡിഎംകെയുടേ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷമുണ്ട്. ഈ സാഹര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അനിവാര്യമാണെന്നും ജയലളിത കരുതുന്നു. രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും ലോക്‌സഭയില്‍ പാസായാലും രാജ്യസഭയില്‍ പരാജയപ്പെടാറുള്ളതിനാല്‍ ബില്ലുകള്‍ പാസാക്കുന്നതിനു സര്‍ക്കാര്‍ കോണ്‍ഗ്രസ്സടക്കമുള്ള കക്ഷികളുടെ കനിവു തേടുകയാണ് ചെയ്തുവരുന്നത്. ഈ അവസ്ഥയ്ക്ക് ജയലളിതയുടെ പിന്തുണ കിട്ടിയാല്‍ മാറ്റംവരും.
നിലവിലെ സാഹചര്യം വച്ചുനോക്കിയാല്‍ 2019 വരെ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഈ വരുന്ന ആഗസ്തില്‍ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പോടെ സഭയില്‍ നേരിയ മേല്‍ക്കൈ നേടാനായേക്കും. അതേസമയം, സഹകരണം സംബന്ധിച്ച് ഇതുവരെയും അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it