കേന്ദ്രസര്‍ക്കാരിനെതിരേ ബിഎംഎസ് പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംഘപരിവാര തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രക്ഷോഭത്തിന്. ഇതിന്റെ ആദ്യ പടിയായി ഈ മാസം 24ന് രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടത്തും.
ഈ മാസം 23നു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുകയാണ്. ബജറ്റില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് പ്രക്ഷോഭമെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു.
ഹൈദരാബാദില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബിഎംഎസ് ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കഴിഞ്ഞവര്‍ഷം നടത്തിയ ചര്‍ച്ചയില്‍ ബിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. പത്ത് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുതന്നിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ നിക്ഷേപം കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോടും ബിഎംഎസ്സിനു കടുത്ത എതിര്‍പ്പുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു രാജ്യത്തെ പ്രമുഖ 11 തൊഴിലാളി സംഘടനകള്‍ അടുത്തമാസം പത്തിന് നടത്താന്‍ തീരുമാനിച്ച പണിമുടക്കിനും ബിഎംഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴില്‍രംഗത്ത് നിലനില്‍ക്കുന്ന സാഹചര്യം അനുദിനം വഷളായിവരുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തൊഴിലാളികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ബിഎംഎസ് കരുതുന്നു.
Next Story

RELATED STORIES

Share it