കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ടു മനസ്സിലാക്കുന്നതിന് കേന്ദ്രസംഘമെത്തി. കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്.
ഇന്നലെ രാവിലെ പൂന്തുറയിലെത്തിയ സംഘം ദുരന്തത്തിന് ഇരയായ മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ഇടവക പ്രതിനിധികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. റവന്യൂ വകുപ്പ് സെക്രട്ടറി പി എച്ച് കുര്യന്‍, ജില്ലാ കലക്ടര്‍ വാസുകി, വി എസ് ശിവകുമാര്‍ എംഎല്‍എ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇന്നും നാളെയുമായി സംഘം മറ്റു ജില്ലകളില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനം പൂര്‍ത്തിയാക്കി 29ന് സംഘം സംസ്ഥാന ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഓഖി ദുരന്തത്തില്‍ കേരളം കേന്ദ്രത്തോട് 7,337 കോടിയുടെ ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും കേന്ദ്രം ഈ തുക അനുവദിക്കുക.
പൂന്തുറയിലെ സന്ദര്‍ശനത്തിനുശേഷം കേന്ദ്രസംഘം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഓഖി ദുരന്തം കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ സംഘത്തോട് വിശദീകരിച്ചു. സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ഇന്നലത്തെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് 29ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. മല്‍സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
മല്‍സ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ ലഭ്യമാക്കുന്നതിനും 600 ചതുരശ്ര അടിയുള്ള മികച്ച ഭവനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംഘം കൊല്ലം ജില്ലയിലെ തെന്‍മല, കുളത്തൂപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. കേന്ദ്രസംഘത്തിലുള്ള അഞ്ചുപേര്‍ എറണാകുളത്തെത്തി. ഇവര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it