കേന്ദ്രമന്ത്രിസഭ അടുത്ത മാസം പുനസ്സംഘടിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അടുത്ത മാസം അവസാനത്തോടെ പുനസ്സംഘടിപ്പിച്ചേക്കും. ബിജെപി നേതൃ പുനസ്സംഘടനയ്ക്ക് സമാന്തരമായി മന്ത്രിസഭാ പുനസ്സംഘടനയും നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തീരുന്നതിനു പിന്നാലെ മന്ത്രിസഭാ പുനസ്സംഘടനയും നടത്താനാണ് തീരുമാനം. മെയ് 10നായിരിക്കും ബിജെപി പുനസ്സംഘടന. മെയ് 26ന് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കും. ഇതോടനുബന്ധിച്ച് പുനസ്സംഘടനയുമുണ്ടാവും. മെയ് 30ന് പുനസ്സംഘടന പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്നാണ് സൂചന.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചില മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും. 75 വയസ്സ് പിന്നിട്ട ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹിബതുല്ല, ചെറുകിട ഇടത്തര സംരംഭക വകുപ്പ് മന്ത്രി ക ല്‍രാജ് മിശ്ര എന്നിവര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താവാനിടയുണ്ട്. കായിക മന്ത്രി സര്‍ബാനന്ദ സോനവാള്‍ അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതിനാല്‍ നിലവില്‍ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ 70 പേരാണ് മോദി മന്ത്രിസഭയില്‍ ഉള്ളത്. 81 പേരെ മന്ത്രിമാരാക്കാമെന്നാണ് ചട്ടം. കേരളം ഉള്‍െപ്പടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അടുത്ത മാസം 19നാണ് പ്രഖ്യാപിക്കുക. ഇതും മന്ത്രിസഭാ പുനസ്സംഘടനയെ ബാധിക്കും.
കര്‍ണാടക, ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ വരാനുള്ളതിനാല്‍ മന്ത്രിസഭ പുനസ്സംഘടനയില്‍ അതും പ്രതിഫലിക്കും. പാര്‍ട്ടി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് 30 യുവനേതാക്കളുടെ പട്ടിക ബിജെപി അധ്യക്ഷന്‍ അമിത്ഷാ തയ്യാറാക്കിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ യുവനേതാക്കള്‍ അമിത്ഷായുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ കാബിനറ്റ് മന്ത്രിമാരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി മന്ത്രിസഭയില്‍ നിന്ന് മാറ്റും.
Next Story

RELATED STORIES

Share it