കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സലറെയും പുറത്താക്കണം: കെപിസിസി

തിരുവനന്തപുരം: ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെയും വൈസ് ചാന്‍സലറെയും പുറത്താക്കണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്‍. മോദി സര്‍ക്കാരിന്റെ ദലിത്‌വിരുദ്ധ മുഖമാണ് ഹൈദരാബാദ് സര്‍വകലാശാല അധികൃതരുടെ നടപടിയിലൂടെ പുറത്തുവന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് ദലിത് കുട്ടികളെ ഒഴിവാക്കുന്നതിനു വേണ്ടി അവരെ പീഡിപ്പിക്കുകയും കള്ളക്കേസ് ഉണ്ടാക്കുകയും ചെയ്യുന്നു.
ദലിതരെ വേട്ടയാടുന്ന സവര്‍ണ ഫാഷിസ്റ്റ് നീക്കത്തെ മോദി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രോഹിതിന്റെ ആത്മഹത്യ. സര്‍വകലാശാലാ സ്വയംഭരണത്തിന്റെ മറവില്‍ സാമൂഹിക നീതി നിഷേധത്തെ ന്യായീകരിക്കാനുള്ള കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുടെ നിലപാടു ഭയാനകമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പതിനെട്ടിലധികം ദലിത് വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിക്കപ്പെട്ടതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടും ഭരണാധികാരികള്‍ മൗനം പാലിക്കുന്നത് ദലിത് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നു.
പാവപ്പെട്ടവരില്‍ ഭീതി വിതയ്ക്കുന്ന ദലിത്‌വിരുദ്ധ ബിജെപി ഭരണത്തിനെതിരേ ഹൃദയത്തില്‍ നന്മയുള്ളവര്‍ പ്രതികരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it