Kerala

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം; വിഎസും പിണറായിയും മല്‍സരിക്കും

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം; വിഎസും പിണറായിയും മല്‍സരിക്കും
X
VS-and-Pinarayiതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കും. ഇരുവരെയും മല്‍സരിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു. വിഎസ് മല്‍സരിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം സംസ്ഥാനനേതാക്കളുടെയും അഭിപ്രായം.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെയും സംസ്ഥാനസമിതിയിലെയും നിര്‍ണായക ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇരുവരും മല്‍സരിക്കുമെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചുള്ള പ്രചാരണം ഉണ്ടാവില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്.
വിഎസിന്റെ സ്ഥാനാര്‍ഥിത്വം എളുപ്പത്തില്‍ പരിഹരിക്കാവുന്ന തര്‍ക്കവിഷയമല്ലെന്നും അദ്ദേഹം മല്‍സരിക്കുന്നതു ഗുണകരമാണെന്നും കേന്ദ്രനേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് സ്ഥാനാര്‍ഥിനിര്‍ണയം സംസ്ഥാനതലത്തില്‍ തീരുമാനിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രായാധിക്യത്തെ തുടര്‍ന്ന് ഇത്തവണ വിഎസ് മല്‍സരരംഗത്തുനിന്ന് മാറിനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മല്‍സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം പിന്നീടറിയിക്കാമെന്നാണ് വിഎസ് മറുപടി നല്‍കിയത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മല്‍സരിക്കുന്നതിന് യാതൊരു തടസ്സമോ അയോഗ്യതയോ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ആരൊക്കെ മല്‍സരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതിനുശേഷം മാത്രമേ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it