കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ 600 മെഗാവാട്ടിന്റെ കുറവ്: മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 600 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി എം എം മണി. മൂഴിയാര്‍ പവര്‍ഹൗസിലും അനുബന്ധ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കല്‍ക്കരിക്ഷാമം മൂലമാണ് വൈദ്യുതിവിതരണത്തില്‍ കുറവു വന്നിട്ടുള്ളത്. ഇതു പരിഹരിക്കുന്നതോടെ കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതിവിതരണം പൂര്‍വസ്ഥിതിയിലാവും. പ്രളയത്തില്‍ സംസ്ഥാനത്തെ പവര്‍ഹൗസുകള്‍ക്ക് തകരാര്‍ സംഭവിച്ചതുമൂലം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായശേഷമേ ഈ കുറവ് പരിഹരിക്കാന്‍ കഴിയൂ. കേന്ദ്രപൂളില്‍ നിന്നു വൈദ്യുതി പഴയ സ്ഥിതിയില്‍ ലഭ്യമാവുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ വൈദ്യുതിക്ഷാമത്തിനു പരിഹാരമാവും. അതുവരെ ചെറിയതോതില്‍ വൈദ്യുതിനിയന്ത്രണം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറന്നതുമൂലമാണ് പ്രളയം ഉണ്ടായതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള മഴയാണ് ഉണ്ടായത്. കൂടാതെ വനത്തിനുള്ളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. ഇതുമൂലം ഡാമുകളില്‍ അതിവേഗം ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളില്‍ നിന്നു ജലം നേരത്തേ തുറന്നുവിടാത്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. അമിതമായി ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയില്ല. അതിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും അതിവേഗം ഡാമുകളിലെത്തിയ ജലമാണ് തുറന്നുവിട്ടത്. ഡാമുകളിലെ ജലം മുഴുവനായും തുറന്നുവിട്ടുവെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇതും അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ ഡാമുകളിലെ ജലം പൂര്‍ണമായും തുറന്നുവിട്ടാല്‍ ഉണ്ടാകാവുന്ന അപകടം വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയന്ത്രിതമായ അളവിലാണ് ജലം തുറന്നുവിട്ടത്. ഇടുക്കിയില്‍ കാട്ടിയ അതേ ജാഗ്രത പത്തനംതിട്ടയിലും വൈദ്യുതിവകുപ്പും ജില്ലാ ഭരണകൂടവും കാട്ടിയിട്ടുണ്ട്. ഡാം തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടം മുന്നറിയിപ്പുകള്‍ കൃത്യസമയത്തു നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. കക്കാട് പവര്‍ഹൗസ്, പെരുന്തേനരുവി എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. രാജു എബ്രഹാം എംഎല്‍എ, ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ രാജന്‍, ഗണേശന്‍, ഡെപ്യുട്ടി ചീഫ് എന്‍ജിനീയര്‍ സണ്ണി ജോണ്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് കോശി, അസിസ്്റ്റന്റ് എന്‍ജിനീയര്‍ മീര എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it