കേന്ദ്രത്തിന് ന്യൂനപക്ഷ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വൈമനസ്യം: ഫരീദ അബ്ദുല്ല ഖാന്‍

എ പി വിനോദ്

കാസര്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശങ്ങളോട് അവഗണന കാട്ടുകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഫരീദ അബ്ദുല്ല ഖാന്‍ പറഞ്ഞു. കാസര്‍കോഡ് കലക്ടറേറ്റില്‍ തേജസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പട്ടികജാതി-വര്‍ഗ കമ്മീഷനുള്ളതു പോലെയുള്ള അധികാരമൊന്നും ന്യൂനപക്ഷകമ്മീഷനില്ല. ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും അവരുടെ പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് കമ്മീഷന്റെ ദൗത്യം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കണം. ഇല്ലെങ്കില്‍ ദുരിതത്തിനിരയാകുന്നവരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും അക്രമികള്‍ ശ്രമിക്കും.
കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും വിദ്വേഷാത്മകവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല.നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷനെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്നില്ല. കമ്മീഷനിലെ അഞ്ചംഗങ്ങളും സമര്‍പ്പിച്ച നിരവധി നിര്‍ദേശങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
ബീഫ് വിഷയം സമൂഹത്തെ താറുമാറാക്കുന്നവിധം വളര്‍ന്നിരിക്കുകയാണ്. മനുഷ്യന്റെ വ്യക്തിപരമായ അവകാശത്തില്‍പ്പെട്ട ഈ കാര്യം രാജ്യത്ത് നിരവധി സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ദാദ്രിയില്‍ അക്രമമുണ്ടായപ്പോള്‍ തന്നെ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതില്‍ പ്രതികള്‍െക്കതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, മുസഫര്‍നഗറില്‍ പോലിസ് വേണ്ട രീതിയില്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രാദേശിക തലങ്ങളില്‍ ന്യൂനപക്ഷകമ്മീഷന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മുകളിലെ തട്ടിലെത്തുമ്പോള്‍ അവഗണനയാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു.കാസര്‍കോഡ് കലക്ടറേറ്റില്‍ സിറ്റിങിനെത്തിയതായിരുന്നു ഫരീദ അബ്ദുല്ല ഖാന്‍.
Next Story

RELATED STORIES

Share it