കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി: ആദ്യത്തെ 20 സിറ്റികളില്‍ കൊച്ചിയും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്ന ആദ്യ 20 നഗരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടു. ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്രം സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നൂറ് നഗരങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചി മാത്രമാണുള്ളത്.  ലക്ഷദ്വീപ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളിലും കൊച്ചി സ്ഥാനംപിടിച്ചു. പദ്ധതി നടപ്പാക്കാന്‍ അംഗീകാരം ലഭിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ കടുത്ത മത്സരം നടത്തിയാണ് ആദ്യത്തെ 20 നഗരങ്ങളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ നഗരങ്ങള്‍ക്കുള്ള സൗകര്യവും സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളുടെ മികവും മറ്റും ആദ്യ ഘട്ടത്തിലേക്കുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. ഭുവനേശ്വര്‍, പൂനെ, ജയ്പൂര്‍, സൂറത്ത്, അഹ്മദാബാദ്, ജബല്‍പൂര്‍, വിശാഖപട്ടണം, സോലാപൂര്‍, ദേവനാഗിരി, ഇന്‍ഡോര്‍, ന്യൂഡല്‍ഹി, കോയമ്പത്തൂര്‍, കാകിനാഡ, ബെലഗാവി, ഉദയ്പൂര്‍, ഗുവാഹതി, ചെന്നൈ, ലുധിയാന, ഭോപാല്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു നഗരങ്ങള്‍.ഇവയ്ക്ക് ഒരോന്നിനും വര്‍ഷം 100 കോടി വീതം അഞ്ചു വര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കും. 80 നഗരങ്ങളില്‍ അടുത്ത രണ്ട് വര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതിക്കായി ആകെ 50,000 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്. അടുത്ത ഘട്ടങ്ങളില്‍ പദ്ധതി ആരംഭിക്കാനിരിക്കുന്ന മറ്റു 80 നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണിത്. കേന്ദ്രം ഓരോ നഗരങ്ങള്‍ക്കായും മുടക്കുന്ന അത്രതന്നെ തുക അതത് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ നിക്ഷേപകരും ചേര്‍ന്ന് കണ്ടെത്തേണ്ടി വരും.കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സിറ്റീസ് മിഷനുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തിനിടെ നിലവില്‍ വരുന്ന 100 സ്മാര്‍ട്ട് സിറ്റികളില്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍നിന്ന് യഥാക്രമം 13, 12, 10 എണ്ണം നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റികള്‍ കൂടുതല്‍ അനുവദിക്കപ്പെട്ട സംസ്ഥാനങ്ങള്‍ ബഹുഭൂരിഭാഗവും ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളോ അതല്ലെങ്കില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളോ ആണെന്നത് ശ്രദ്ധേയമാണ്.സ്മാര്‍ട്ട് സിറ്റിക്കായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളാണുണ്ടാവുക എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. വെള്ളം, വൈദ്യുതി, ശുചിത്വം, നഗര ഗതാഗതം,  തുടങ്ങിയ മേഖലകളില്‍ ഈ നഗരങ്ങള്‍ പുരോഗതി കൈവരിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it