കേന്ദ്രത്തിനെതിരേ പ്രതിഷേധമിരമ്പി; നേതാക്കള്‍ അറസ്റ്റ് വരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കടന്നാക്രമിക്കുകയാണെന്ന് ആരോപിച്ചു സംഘടിപ്പിച്ച 'സേവ് ഡെമോക്രസി'മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.
നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാജ്യസഭാ എംപി രേണുകാ ചൗധരിയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ഉത്തരാഖണ്ഡിലെയും അരുണാചലിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ മോദി സര്‍ക്കാര്‍ പണമുപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നുവെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാണെന്ന ചിന്തയിലൂടെ പിഴവു വരുത്തരുത്.
ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനോ നശിപ്പിക്കാനോ ഞങ്ങള്‍ സമ്മതിക്കില്ലെന്നും കേന്ദ്രത്തെയും ബിജെപിയെയും ലക്ഷ്യമിട്ട് സോണിയ പറഞ്ഞു. ഉത്തരാഖണ്ഡില്‍ കാടുകള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, അവിടെ ഒരു സര്‍ക്കാരില്ലാത്തതു കൊണ്ട് ഇതു സംബന്ധമായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ താഴെയിറക്കിക്കൊണ്ട് ജനാധിപത്യത്തെ കൊലചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. ജനാധിപത്യത്തിനെതിരേ അവര്‍ എത്രതന്നെ പോരാടിയാലും വിജയിക്കാന്‍ അവരെ ഞങ്ങള്‍ അനുവദിക്കില്ല. ജനാധിപത്യരീതിയില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടിപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജീവിതമെന്നെ പഠിപ്പിച്ചതു പോരാടാനാണ്. നിരവധി വെല്ലുവിളികള്‍ നമ്മള്‍ നേരിട്ടിട്ടുണ്ട്.
നമ്മളുടെ പ്രകൃതം എന്താണെന്ന് അവര്‍ക്കറിയില്ലെന്നും കേന്ദ്രത്തെയും ബിജെപിയെയും ലക്ഷ്യമിട്ട് സോണിയ പറഞ്ഞു. ഇന്ന് അവരോടു വിയോജിക്കുന്നവരെ അവര്‍ ലക്ഷ്യം വയ്ക്കുകയാണ്. അതു തുടരുകയാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെയും ബിജെപിയെയും പാഠം പഠിപ്പിക്കും.
പ്രതിസന്ധികള്‍ കോണ്‍ഗ്രസ്സിനു പുതിയതല്ല. രാജ്യത്തിനു വേണ്ടി രക്തം നല്‍കിയവരാണ് നമ്മള്‍. മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രക്തവും ജീവനും നല്‍കിയവരാണ് നമ്മള്‍. അതില്‍ നിന്ന് നമ്മള്‍ പിന്തിരിയില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. മോദിയെ കടന്നാക്രമിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. മോദിജി അധികാരത്തില്‍ വന്നപ്പോള്‍ നല്ല ദിനങ്ങളെക്കുറിച്ചു പറഞ്ഞു. എന്നാല്‍, ഇന്ന് രാജ്യത്തിന്റെ 40 ശതമാനവും വരള്‍ച്ചയെ നേരിടുകയാണ്. എന്നിട്ടും അദ്ദേഹത്തിന് ഒന്നും പറയാനില്ല. ഇന്ന് രാജ്യത്ത് രണ്ടുപേരെക്കുറിച്ചു മാത്രമാണ് സംസാരം. നരേന്ദ മോദിജിയും മോഹന്‍ ഭാഗവത്ജിയും. ആരെങ്കിലും അവരെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്കെതിരേ വ്യാജ ആരോപണങ്ങള്‍ മെനയുകയാണെന്നും രാഹുല്‍ പറഞ്ഞു.
മാര്‍ച്ചില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മോദിയെ വിമര്‍ശിച്ചു. ഉത്തരാഖണ്ഡിലെയും അരുണാചലിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകവഴി മോദി ജനാധിപത്യത്തെ ആക്രമിക്കുകയാണു ചെയ്തതെന്ന് സിങ് പറഞ്ഞു. ഇപ്പോള്‍ അവര്‍ മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ലക്ഷ്യമിടുകയാണ്. ജനാധിപത്യം സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ത്യാഗങ്ങള്‍ ചെയ്യുകയും നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഞങ്ങള്‍ തുടരുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാജ സിന്ധ്യ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിച്ചു.
Next Story

RELATED STORIES

Share it