Editorial

കേന്ദ്രഗവണ്‍മെന്റ് ഉത്തരവ് പിന്‍വലിക്കണം



മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതകള്‍ നിയന്ത്രിക്കുന്നതിന് 1960ല്‍ പാസാക്കിയ ഒരു നിയമത്തിന്റെ മറപിടിച്ച് ചില കന്നുകാലികളെ കശാപ്പു ചെയ്യുന്നത് വിലക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരേ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നുവരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്ന സംഭവവികാസമാണിത്. ഫെഡറല്‍ സംവിധാനത്തെ തുരങ്കംവയ്ക്കുന്ന ഉത്തരവിനു തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. കാലിച്ചന്തകള്‍ എങ്ങനെ നടത്തണമെന്ന കാര്യം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ പെട്ടതാണെന്നും അതിന്റെ മേല്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ ഇത്തരം ദുരുപദിഷ്ടമായ ഉത്തരവുകള്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് തുരങ്കംവയ്ക്കുമെന്നും വിവാദ ഉത്തരവിന് മൃഗങ്ങളോടുള്ള കാരുണ്യവുമായി ബന്ധമില്ലെന്നും സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നടപടിക്കെതിരായി പ്രക്ഷോഭത്തിനിറങ്ങുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളും മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞുവത്രേ!മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന വന്‍ വ്യവസായികള്‍ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് രംഗത്തുവന്നതില്‍നിന്നുതന്നെ എത്രമാത്രം പരിഹാസ്യവും അപ്രായോഗികവുമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഉത്തരവ് എന്നു തെളിയുന്നുണ്ട്. മാട്ടിറച്ചി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പലരും ഒന്നാന്തരം സസ്യഭുക്കുകളും ഹിന്ദുത്വവിഭാഗങ്ങളെ പിന്തുണയ്ക്കുന്നവരുമാണ്. വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന ഒന്നാണ് ഇന്ത്യയില്‍ മാട്ടിറച്ചി കയറ്റുമതി. ഏതാണ്ട് 25,000 കോടി രൂപയാണ് അതില്‍നിന്ന് വിദേശനാണ്യമായി ലഭിക്കുന്നത്. കന്നുകാലികളുടെ തോല്‍, എല്ല് തുടങ്ങിയവയും വ്യാവസായികമായി പ്രാധാന്യമുള്ളതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് മാട്ടിറച്ചി വ്യവസായികള്‍ ആരോപിക്കുന്നു. 30 ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരാണ് ഇന്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങളുടെ അടുക്കള വരെ കൈയേറാന്‍ തയ്യാറായത്. ജനരോഷം തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഉത്തരവില്‍നിന്ന് പോത്തിനെ ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുകയാണെന്ന് റിപോര്‍ട്ടുണ്ട്. മൊത്തം ഉത്തരവു തന്നെ കടുത്ത അന്യായമായതിനാല്‍ അതപ്പടി പിന്‍വലിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടത്. കാരണം, നന്നേ ചെറിയ ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ജനാധിപത്യസമൂഹത്തില്‍ ആരെന്തു ഭക്ഷിക്കണം എന്നു തീരുമാനിക്കുന്നത്. ഭക്ഷണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഗൂഗ്ഌന്റെ മേധാവി സുന്ദര്‍ പിച്ചെ ചൂണ്ടിക്കാണിച്ചപോലെ നാമാരും യൂറോപ്പില്‍ കണ്ടപോലെ ഘനാന്ധകാരം നിലനിന്നിരുന്ന മധ്യകാലങ്ങളില്‍ ജീവിക്കുന്നവരല്ല.
Next Story

RELATED STORIES

Share it