കേന്ദ്രം സംസ്ഥാനങ്ങളുടെ സഹായം തേടി സിബിഐയില്‍ കേസുകള്‍ കുമിഞ്ഞുകൂടുന്നു

ന്യൂഡല്‍ഹി: കോടതികള്‍ ഏല്‍പ്പിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സിബിഐയില്‍ 1500ലേറെ വരുന്ന ഒഴിവുകള്‍ നികത്താന്‍ ഓഫിസര്‍മാരെ അയക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ അയച്ചില്ലെങ്കില്‍ സിബിഐ തകരുകയോ പരാജയപ്പെടുകയോ ചെയ്യുമെന്ന് സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയിലെ ഒഴിവുകള്‍ നികത്താന്‍, കേന്ദ്രം സംസ്ഥാനങ്ങളുടെ സഹായം തേടിയത്.
ഈയിടെ ചേര്‍ന്ന സംസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ സിബിഐ ഏറ്റെടുക്കുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഉദ്യോഗസ്ഥ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് കോത്താരി ആശങ്കപ്രകടിപ്പിച്ചിരുന്നു. സുപ്രിംകോടതിയും ഹൈക്കോടതികളും ഒട്ടേറെ കേസുകളുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ ആള്‍ശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കോണ്‍സ്റ്റബിള്‍, ഇന്‍സ്‌പെക്ടര്‍, പോലിസ് സൂപ്രണ്ട് തസ്തികയിലുള്ളവരുടെ പട്ടിക അയച്ചുതരാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
സിബിഐയില്‍ ഇപ്പോള്‍ 1531 ഒഴിവുകളുണ്ട്. വര്‍ഷത്തില്‍ 700ഓളം കേസുകള്‍ കൈകാര്യംചെയ്യാനുള്ള ശേഷിയാണ് ഇപ്പോള്‍ സിബിഐ—ക്കുള്ളതെന്നും എന്നാല്‍ ഇതിന്റെ ഇരട്ടിയോളം കേസുകളാണ് നിലവില്‍ സിബിഐ അന്വേഷണത്തിനു വരുന്നതെന്നും സിബിഐ ഡയറക്ടര്‍ പാര്‍ലമെന്ററി സമിതി യോഗത്തെ അറിയിച്ചിരുന്നു. 1200 കേസുകളും 62 വിദേശ അന്വേഷണങ്ങളും ഇപ്പോള്‍ സിബിഐയുടെ പരിഗണനയിലുണ്ട്.
Next Story

RELATED STORIES

Share it