Pathanamthitta local

കേന്ദ്രം മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി ദേശദ്രോഹക്കുറ്റം അടിച്ചേല്‍പിക്കുന്നു : എംപി



പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ മൂടികെട്ടി ദേശദ്രോഹ കുറ്റം അടിച്ചേല്‍പ്പിക്കുകയാണെന്ന് ആന്റോ ആന്റണി എംപി. യുഡിഎഫ് നേതൃത്വത്തില്‍ പത്തനംതിട്ട കലക്ടറേറ്റിന് മുന്നില്‍ നടത്തി വന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് ഒടുവിലത്തെ  ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം. വ്യത്യസ്ത അഭിപ്രായമുള്ളവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നയം. രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും എംപി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തെപറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രമെടുത്താല്‍ സംഘപരിവാറോ ഇവരുടെ പാര്‍ട്ടിയുടെയോ സംഭാവനകള്‍ ഇല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സംഘപാരിവാര്‍ എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊടികുത്തി വാഴുകയാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ചില മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമല്ലാതെ യാതൊരു നേട്ടവുമുണ്ടായിട്ടില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ടും 16 മാസങ്ങള്‍ പിന്നിട്ട സംസ്ഥാന സര്‍ക്കാര്‍ എല്ലാ രംഗത്തും ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, അടൂര്‍പ്രകാശ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ ജോ എണ്ണക്കാട്,  മുന്‍ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ശംസുദ്ദീന്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ജനദാദള്‍ ജില്ലാ പ്രസിഡന്റ്  ജോസഫ് കുര്യാക്കോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it