കേന്ദ്രം ഭരണഘടന വകവയ്ക്കുന്നില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ ഭരണഘടന വകവയ്ക്കുന്നില്ലെന്നും ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് കാഴ്ചപ്പാടായതിനാലാണ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനു വലിയ ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സുപ്രിംകോടതിയുടേത് നല്ല ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം എന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാലയളവല്ല; ഇക്കാലം കൊണ്ട് എന്തു നേടിയെന്ന് ചോദിക്കുന്നവരോട് നേട്ടപ്പട്ടിക നിരത്തി വിശദീകരിക്കാന്‍ തയ്യാറല്ല. നാടിന്റെ മാറ്റം സമൂഹം തിരിച്ചറിയുന്നുണ്ട്. സമുന്നതമായ രാഷ്ട്രീയസംസ്‌കാരം തിരിച്ചുപിടിക്കാനായി എന്നതാണ്  വലിയ നേട്ടം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാദ്ഗാനങ്ങളെല്ലാം നിറവേറ്റും. വിമര്‍ശനമാവാം; എന്നാല്‍, ഇടതുപക്ഷ വേഷമണിഞ്ഞവര്‍ സര്‍ക്കാരിന് ഇടതുപക്ഷമില്ലെന്നു വിമര്‍ശിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, എംഎല്‍എമാര്‍ സംസാരിച്ചു. 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും പിആര്‍ഡി ഗ്രാമീണ സഹായകേന്ദ്രങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
അതേസമയം, ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചു. കെ എം മാണിയും എത്തിയില്ല. മാണിയുടെ പേര്  പ്രസംഗകരുടെ പട്ടികയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it