കേന്ദ്രം അനുവദിച്ച അരി സംസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധം

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച അരി സംസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രളയ ദുരിത പശ്ചാത്തലത്തില്‍ കേരളത്തിനു സൗജന്യമായി അരി അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
ആഗസ്ത് 21ന് സംസ്ഥാനത്തിന് 89540 മെട്രിക് ടണ്‍ അധിക വിഹിതം അനുവദിച്ചെങ്കിലും കിലോഗ്രാമിന് 25 രൂപ കണക്കാക്കി സംസ്ഥാനത്തിനനുവദിക്കുന്ന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തട്ടിക്കിഴിക്കുമെന്നു കേന്ദ്രം അറിയിച്ചിരുന്നു. പിന്നീട് അധിക വിഹിതം സൗജന്യമായി ലഭിക്കുന്നതിനു നിരവധി തവണ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. ആഗസ്ത് 29ന് എഫ്‌സിഐ ഉന്നത ഉദ്യോഗസ്ഥരുടെയും ചുമട്ടുതൊഴിലാളി യൂനിയനുകളുടെയും യോഗം വിളിച്ച് അരി ഏറ്റെക്കുന്നതിനു തീരുമാനിച്ചു. കഴിഞ്ഞ 3ന് അരി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. നിലവില്‍ 30 ശതമാനത്തിലധികം അരി ഏറ്റെടുക്കാന്‍ സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അരി ഏറ്റെടുക്കാന്‍ സാധിക്കാതെ വന്നാല്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ആഗസ്തില്‍ ആദ്യമായി 92 ശതമാനം കാര്‍ഡുടമകള്‍ക്കും റേഷന്‍ വിതരണം ചെയ്തു. സംസ്ഥാനത്തിന് ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച അരിയും അധികമായി അനുവദിച്ച കേന്ദ്ര വിഹിതവും ചേര്‍ത്താണ് വിതരണം ചെയ്യുകയെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it