കേട്ടുകേള്‍വിയില്ലാത്ത ഉപാധികള്‍; മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍

പി സി അബ്ദുല്ല

ബംഗളൂരു: രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിചാരണക്കോടതിയുടെ അനുമതി. നാളെ മുതല്‍ അടുത്തമാസം നാലു വരെ കേരളത്തില്‍ തങ്ങാനാണ് പരപ്പന അഗ്രഹാര കോടതി അനുവദിച്ചത്. എന്നാല്‍, കോടതി നിര്‍ദേശിച്ച കടുത്തതും കേട്ടുകേള്‍വിയില്ലാത്തതുമായ ഉപാധികള്‍ കാരണം മഅ്ദനിയുടെ മാതാവിനെ കാണാനുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. യാത്ര മുടങ്ങാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ്ദനി സുപ്രിംകോടതി ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ്. മാതാവിനെ കാണാന്‍ അഞ്ചു മാസം മുമ്പ് കോടതി അനുവദിച്ചിരുന്നു. മാതാവ് അസുമാ ബീവിക്ക് രോഗം മൂര്‍ച്ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി കോടതിയില്‍ വീണ്ടും ഹരജി നല്‍കിയത്. ശനിയാഴ്ച നല്‍കിയ അപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഉമ്മയെ സന്ദര്‍ശിക്കാനുള്ള ആവശ്യം ഉന്നയിച്ച് മഅ്ദനി സ്ഥിരമായി കേരളത്തില്‍ പോവാന്‍ അനുമതി തേടുകയാണെന്നും കഴിഞ്ഞതവണ പാര്‍ട്ടി യോഗം നടത്താനാണ് നാട്ടില്‍ പോയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് പരപ്പന പ്രത്യേക കോടതി കടുത്ത നിബന്ധനകള്‍ നിര്‍ദേശിച്ചത്. മാതാവിനെ മാത്രമേ കാണാവൂ, അന്‍വാര്‍ശ്ശേരിയിലേ താമസിക്കാവൂ, പിഡിപിക്കാരടക്കം ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകരെയോ നേതാക്കളെയോ കാണരുത്, യാത്രയുടെ ചെലവ് സ്വന്തം നിലയില്‍ വഹിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. ഇതില്‍, പിഡിപി പ്രവര്‍ത്തകരുമായി ഇടപഴകരുതെന്ന നിര്‍ദേശമാണ് മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്കു വിഘാതമായത്. ഒരു കാലില്ലാത്ത മഅ്ദനിയുടെ സഹായികളും യാത്രയില്‍ പരിചരിക്കേണ്ടവരും അടുത്ത ബന്ധുക്കളുമെല്ലാം പിഡിപി ഭാരവാഹികളോ പ്രവര്‍ത്തകരോ ആണ്. ഇവരെ മാറ്റിനിര്‍ത്തി മഅ്ദനിക്ക് നാട്ടിലേക്കു വരാനാവില്ല. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് ഇന്നു തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it