thrissur local

കേച്ചേരി ജുമാ മസ്ജിദില്‍ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് പൂര സമുദായം

കേച്ചേരി: മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ് കേച്ചേരി. പറപ്പൂക്കാവ് പൂരവും, എരനെല്ലൂര്‍ പളളി പെരുന്നാളും, നബിദിനവും ഇവിടെ മത വേലിക്കെട്ടുകള്‍ ഇല്ലാതെയാണ് ആഘോഷിക്കുന്നത്. ഈ സൗഹൃദാന്തരീക്ഷമാണ് കേച്ചേരിയുടെ മഹിതമായ പാരമ്പര്യം. അതിനെ അന്വര്‍ത്ഥമാക്കുന്ന പ്രവൃത്തനത്തിനാണ് വ്യാഴാഴ്ച്ച കേച്ചേരി സാക്ഷ്യം വഹിച്ചത്.
പറപ്പൂക്കാവ് ക്ഷേത്രത്തിലെ പ്രധാന പൂരസമുദായമായ കേച്ചേരി പൂരസമുദായം കേച്ചേരി ജുമാമസ്ജിദില്‍ നോമ്പുതുറ ഒരുക്കി മാതൃകയായി. ഒരുപാട് യാത്രികര്‍ക്കും, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആശ്രയമാണ് കേച്ചേരി ജുമാമസ്ജിദിലെ നോമ്പ് തുറ. ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന നോമ്പുതുറയില്‍ വര്‍ഷങ്ങളായി ഇതര മതസ്ഥരായ പലരും നോമ്പുതുറ ഒരുക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ്  ഒരു  പൂര സമുദായം നേരിട്ട് നോമ്പുതുറ സംഘടിപ്പിക്കുന്നത്. കാരക്കയും , ഫ്രൂട്ട്‌സും, പൊരിച്ച പലഹാരങ്ങളും പ്രത്യേകം തയ്യാറായിക്കിയ ജീരകഞ്ഞിയും നോമ്പുതുറക്ക് മാറ്റുകൂട്ടി. മഗ്‌രിബ് പ്രാര്‍ത്ഥനക്ക് ശേഷം വിശ്വാസികള്‍ക്ക് ബിരിയാണിയും നല്‍കിയാണ് സമുദായ ഭാരവാഹികള്‍ മടങ്ങിയത്. പറപ്പൂക്കാവ് ദേവസ്വം പ്രസിഡണ്ട് ശ്രീനിവാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേച്ചേരി മഹല്ല് പ്രസിഡണ്ട് എം.എം.ഷംസുദ്ധീന്‍ അധ്യക്ഷനായി. കേച്ചേരി മഹല്ല് ഖത്തീബ് യൂസഫ് സഖാഫി മുഖ്യ പ്രഭാഷണവും, മഹല്ല് സെക്രട്ടറി എം എം മുഹ്‌സിന്‍ ആമുഖ പ്രഭാഷണവും നടത്തി.
പൂര സമുദായം ഭാരവാഹികളായ നെന്മിനി മഠത്തില്‍ ഗംഗാധരന്‍, കെ എ കൃഷ്ണന്‍, കെ സി സന്തോഷ്, പി ബി അനൂപ്, കെ സി സുബാഷ് ,വിജീഷ് കെ വി, കെ എസ് കൃഷ്ണന്‍, രാഗീഷ് കെ കെ, കേച്ചേരി മഹല്ല് വൈസ് പ്രസിഡണ്ട് എം എ മന്‍സൂര്‍, ട്രഷറര്‍ വി എ ഇബ്രാഹീം ഹാജി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it