kannur local

കെ സുധാകരന്റെ വീടിനു സമീപം ആയുധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീടിന് മുന്നില്‍ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. തളാപ്പ് അമ്പാടിമുക്ക് സ്വദേശിയും ഇപ്പോള്‍ സിറ്റി കുറുവയില്‍ തമാസക്കാരനുമായ ടി കെ രജീഷ് എന്ന മെയ്ത്തിരി രജീഷ്(35) ആണ് പിടിയിലായത്.
സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. രജീഷില്‍ നിന്ന് ഒരു എസ് കത്തി പിടികൂടി. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് പാറക്കണ്ടി ചെട്ടിയാര്‍കുളത്തിന് സമീപത്തെ കെ സുധാകരന്റെ വീടിന് സമീപം രജീഷ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയത്. ബൈക്കിന്റെ നമ്പര്‍ വികൃതമാക്കിയ നിലയിലാണ്. കണ്‍ട്രോള്‍ റൂമിന്റെ പോലിസ് വാഹനം ഇതുവഴി വന്നപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് മുഖം മൂടി സംഘം ബൈക്കില്‍ വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പോലിസുകാര്‍ ഉടന്‍ വാഹനത്തിന്റെ വാതിലുകള്‍ തുറന്നിട്ട് ബൈക്ക് തടഞ്ഞു. എന്നാല്‍, രജീഷിനെ പിടികൂടാനായെങ്കിലും മറ്റുള്ളവര്‍ പോലിസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ടു.
സംഭവസമയം കെ സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കെപിസിസിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവന്തപുരത്ത് പോയതായിരുന്നു. നേരത്തേ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുകയും പിന്നീട് സിപിഎം വിടുകയും ചെയ്ത രജീഷിന്റെ ഒപ്പം ഉണ്ടായിരുന്നത് ക്വട്ടേഷന്‍ സംഘമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഡിവൈഎസ്പി കെ മൊയ്തീന്‍ കുട്ടി, സിഐ എം വി അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രജീഷിനെ ചോദ്യം ചെയ്തുവരികയാണ്.
ഗുഢാലോചന അന്വേഷിക്കണം: സിപിഎം
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയിലായ സംഭവത്തിലെ ഗൂഢാലോചനയെകുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് സുധാകരന്റെ വീടിന് സമീപം ആയുധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസ് പിടിയിലായത്. സുധാകരന്റെ വീട് ആക്രമിക്കാനാണ് തങ്ങള്‍ വന്നതെന്നാണ് പിടിയിലായ രജീഷ് പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്.
രജീഷ് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേര് കൂടി പോലിസിനോട് പറഞ്ഞിട്ടുണ്ട്. ആ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധാകരന്റെ വിശ്വസ്തനാണ്. അതിന്റെ അര്‍ത്ഥം സുധാകരനും ആര്‍എസ്എസ് നേതൃത്വവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ്. ഇ പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ഗൂഢാലോചന നടത്തിയതും ഇതേ സംഘമാണ്. ക്രമസമാധാനനില തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ്-കോണ്‍ഗ്രസ് നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it