കെ സുധാകരനെതിരേ കെപിസിസിക്കു പരാതി

കണ്ണൂര്‍: കോര്‍പറേഷന്‍ ഭരണം നഷ്ടമായതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും എ ഗ്രൂപ്പ് നേതാക്കള്‍ക്കുമെതിരേ പരസ്യവിമര്‍ശനമുന്നയിച്ച കെ സുധാകരനെതിരേ പരാതി. സുധാകരന്‍ അനുകൂലികളും ഐ ഗ്രൂപ്പ് നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായ അഡ്വ. സജീവ് ജോസഫും വി എ നാരായണനുമാണ് വി എം സുധീരന് കത്തയച്ചത്.
കണ്ണൂരിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനെതിരേ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ഇരുവരും കത്തില്‍ ആരോപിച്ചു. കണ്ണൂരിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകതകളടക്കം നിഷ്പക്ഷമായി പരിശോധിച്ച് തെറ്റുതിരുത്തല്‍ നടപടിയുമായി മുന്നോട്ടുപോവണം. അതിനു പകരം കെപിസിസി നിയോഗിച്ച കമ്മീഷനെ കുറ്റപ്പെടുത്തുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ എം എം ഹസനെതിരേ സുധാകരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകതകള്‍ പരാജയത്തിനു കാരണമായോയെന്നു പരിശോധിക്കുമെന്ന ഹസന്റെ പരാമര്‍ശമാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേ സുധാകരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ ആഞ്ഞടിച്ചിരുന്നു. അതേസമയം, കണ്ണൂരിലെ പരാജയം അമിത ആത്മവിശ്വാസംകൊണ്ടുണ്ടായതാണെന്നും ഇതിന്റെ പേരില്‍ ആരെയും ബലിയാടാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it