Pathanamthitta local

കെ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ നാമനിര്‍ദേശ പത്രിക കാണാനില്ല

പത്തനംതിട്ട: 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനായി കെ ശിവദാസന്‍ നായര്‍ എംഎല്‍എ വരണാധികാരിയായിരുന്ന പത്തനംതിട്ട ആര്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് മുന്നില്‍ നല്‍കിയിരുന്ന നാമനിര്‍ദേശ പത്രിക, വരണാധികാരിയുടെ ഓഫിസില്‍ നിന്നു കാണാനില്ലെന്നു വിവരാവകാശ രേഖ.
ജില്ലയിലെ നിലവിലുള്ള എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാവുന്നതിനുവേണ്ടി വരണാധിമാര്‍ക്ക് നല്‍കിയിരിക്കുന്ന നാമനിര്‍ദേശ പത്രികകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരം പത്തനംതിട്ട ആനപ്പാറ തോലിയാനിക്കരയില്‍ വീട്ടില്‍ സി റഷീദ് നല്‍കിയ അപേക്ഷയ്ക്ക് ജില്ലാ കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയിലാണ് നാമനിര്‍ദേശ പത്രിക കാണാനില്ലെന്നുള്ള വിവരം പുറത്തറിയുന്നത്.
എംഎല്‍എമാരായ അഡ്വ. അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം, മാത്യു ടി തോമസ് എന്നിവരുടെ നാമനിര്‍ദേശ പത്രികകള്‍ ഉണ്ടെന്നും അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.
ശിവദാസന്‍ നായരുടെ നാമനിര്‍ദേശ പത്രിക കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് തിരയുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അന്തിമ മറുപടി 25.04.2015നകം നല്‍കണമെന്നും വരണാധികാരിയായ ആര്‍ആര്‍ ഡെപ്യൂട്ടി അറിയിച്ചിട്ടുണ്ടെന്നും റഷീദിനെ കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ 13.04.2015ല്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ 25.04.2015 ന് ശേഷം 300 ദിവസങ്ങള്‍ കഴിഞ്ഞിട്ടും എംഎല്‍എയുടെ നാമനിര്‍ദ്ദേശ പത്രികയുടെ പകര്‍പ്പോ യാതൊരുവിധ മറുപടിയോ കലക്ടറേറ്റിലെ വരണാധികാരിയില്‍ നിന്നോ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് 11.11.2015ല്‍ അപേക്ഷകന്‍ പത്തനംതിട്ട എഡിഎമ്മിന് വിവരാവകാശ നിയമം 19(1)ാം വകുപ്പ് പ്രകാരം ആദ്യ അപ്പീല്‍ നല്‍കിയിരുന്നു.
എന്നാല്‍ ആദ്യ അപ്പീല്‍ നല്‍കിയിട്ടും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് റഷീദ് ആനപ്പാറ വിവരാവകാശ നിയമം 19(3)ാം വകുപ്പ് പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it