കെ മുരളീധരന്‍ കണ്‍വീനറായേക്കും; കെപിസിസി പ്രസിഡന്റ്: മുല്ലപ്പള്ളിക്ക് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി സൂചന. ദേശീയതലത്തില്‍ പ്രവര്‍ത്തന പരിചയസമ്പത്തും കേന്ദ്രനേതാക്കളുമായി അടുത്ത ബന്ധവുമാണ് മുല്ലപ്പള്ളിക്ക് സാധ്യതയൊരുക്കുന്നത്. കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാവുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കെ വി തോമസ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിച്ചത്. ഇതില്‍ മുല്ലപ്പള്ളിയെ അധ്യക്ഷനാക്കുന്നതിനാണ് കേന്ദ്രനേതൃത്വത്തിന് കൂടുതല്‍ താല്‍പര്യം.
ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ മുല്ലപ്പള്ളിയിലൂടെ ഈഴവ-പിന്നാക്കവിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നു രാഹുല്‍ ഗാന്ധി കണക്കുകൂട്ടുന്നു. യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്നു ശക്തനായ നേതാവ് വേണമെന്ന വിലയിരുത്തലിലാണ് കെ മുരളീധരന് വഴിയൊരുങ്ങുന്നത്. ഘടകകക്ഷി നേതാക്കളുമായുള്ള മികച്ച ബന്ധവും സമുദായങ്ങള്‍ക്കപ്പുറം സ്വീകാര്യതയുമുള്ള കെ മുരളീധരനെ കണ്‍വീനറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.  ഗ്രൂപ്പുകളുടെ കടുംപിടിത്തത്തിനു കേന്ദ്രനേതൃത്വം വഴങ്ങാന്‍ സാധ്യതയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം മാറ്റില്ല. പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാകുന്നതു ശരിയല്ലെന്ന വിമര്‍ശനവും നേതൃത്വത്തിനുണ്ട്.  അതേസമയം, പി ജെ കുര്യനെതിരായ യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലുള്ള കുര്യന്റെ പ്രവര്‍ത്തനത്തില്‍ പല ദേശീയ നേതാക്കളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it