കെ ബാബുവിനെതിരേ വിജിലന്‍സ് റിപോര്‍ട്ട് , 45 ശതമാനത്തിലധികവും അനധികൃത സമ്പാദ്യമെന്ന്്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിന്റ സ്വത്തുക്കളില്‍ 45 ശതമാനവും അനധികൃതമെന്ന് സ്ഥിരീകരിച്ച് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കെ ബാബു മാത്രമാണ് പ്രതി. ബാബുവിന്റെ ബിനാമികളെന്ന് നേരത്തേ വിജിലന്‍സ് ആക്ഷേപം ഉന്നയിച്ച ബാബുറാം, മോഹനന്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാബുവിന്റെ വിശദീകരണം കൂടി പരിഗണിച്ച ശേഷമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കെ ബാബുവിന്റെ 45 ശതമാനത്തിലധികം വരുന്ന സ്വത്തിന് കൃത്യമായ ഉറവിടം കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആയതിനാല്‍ അത്രയും സ്വത്ത് അനധികൃതമായി സമ്പാദിച്ചതാണെന്ന് കണക്കാക്കണമെന്നതാണ് വിജിലന്‍സ് വാദം.
ജനപ്രതിനിധിയും മന്ത്രിയുമായിരിക്കെ തനിക്ക് ലഭിച്ച ടിഎ, ഡിഎ എന്നിവയും സ്വത്തായി പരിഗണിക്കണമെന്ന് ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ വിജിലന്‍സ് തള്ളി. മരുമകനടക്കം ബന്ധുക്കള്‍ കര്‍ണാടകയില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും മക്കളുടെ ആര്‍ഭാട വിവാഹവുമൊക്കെ അനധികൃതമായി സമ്പാദിച്ച സ്വത്ത് കൊണ്ടാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാട്ടി തൃപ്പൂണിത്തുറ പ്രതികരണ വേദി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 സപ്തംബര്‍ 3ന് പുലര്‍ച്ചെ ആറുമണി മുതല്‍ ആറുകേന്ദ്രങ്ങള്‍ ഒരേസമയം റെയ്ഡ് നടത്തിയാണ് വിജിലന്‍സ് നടപടികള്‍ക്ക് തുടക്കമിട്ടത്. അന്തിമ കുറ്റപത്രം തയ്യാറായപ്പോള്‍ എഫ്‌ഐആറില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഏതാണ്ടെല്ലാം ഒഴിവാക്കേണ്ടിവന്നു. ബിനാമികളെന്ന് പരാമര്‍ശിച്ച ബാബുറാം, മോഹനന്‍ എന്നിവര്‍ക്കെതിരേ തെളിവില്ല. മകളുടെ ഭര്‍തൃപിതാവിന്റെ പേരിലുള്ള 45 ലക്ഷത്തിന്റെ കാര്‍ കെ ബാബുവിന്റെ ബിനാമി സ്വത്താണെന്ന് വിജിലന്‍സ് അന്ന് പറഞ്ഞെങ്കിലും തുകയുടെ സ്രോതസ്സ് വെളിപ്പെട്ടതോടെ കുറ്റപത്രം ചേര്‍ക്കാതെ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു മകളുടെ ഭര്‍തൃവീട്ടുകാര്‍ തേനിയില്‍ വാങ്ങിയ ഭൂമിയെക്കുറിച്ചും വിജിലന്‍സ് ആക്ഷേപം ഉന്നയിച്ചെങ്കിലും അതിനും തെളിവുണ്ടായില്ല.
ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരിക്കെ തുടങ്ങിയ അന്വേഷണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it