കെ കെ ഷാജു ജെഎസ്എസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ആലപ്പുഴ: കെ കെ ഷാജു ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ്സില്‍ ചേരുന്നതിന്റ ഭാഗമായാണ് കെ കെ ഷാജുവിന്റെ രാജി. ജെഎസ്എസിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഭാവിയില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജെഎസ്എസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതോടെയാണ് കെ ആര്‍ ഗൗരിയമ്മയില്‍ നിന്ന് അഡ്വ. രാജന്‍ ബാബുവും കെ കെ ഷാജുവും അകന്നത്. തുടര്‍ന്ന്, രാജന്‍ ബാബു ജനറല്‍ സെക്രട്ടറിയും കെ കെ ഷാജു പ്രസിഡന്റായും ജെഎസ്എസ് വിമതവിഭാഗം രൂപപ്പെട്ടു. രാജന്‍ ബാബു വിഭാഗം യുഡിഎഫില്‍ തുടരാനും തീരുമാനിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ ബാബുവുമായി അകന്ന കെ കെ ഷാജുവിന് ആലപ്പുഴ ഡിസിസിയുടെ പിന്തുണയുണ്ട്. മാവേലിക്കരയിലോ അടൂരിലോ സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് ഷാജുവിന്റെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിലെ ആര്‍ രാജേഷിനോടാണ് കെ കെ ഷാജു പരാജയപ്പെട്ടത്.
മാവേലിക്കരയിലെ യുഡിഎഫ് പരിപാടികളിലെല്ലാം ഷാജു സ്ഥിര സാന്നിധ്യമാണ്. സുധീരന്റെ ജനരക്ഷാ യാത്രയോടനുബന്ധിച്ച് മാവേലിക്കരയില്‍ പതിച്ച പോസ്റ്ററുകളില്‍ ഷാജുവിന്റെ മാത്രം ഫോട്ടോ പതിച്ചതു ചര്‍ച്ചയായിരുന്നു.
Next Story

RELATED STORIES

Share it