കെ കെ രമയ്ക്കു നേരെയുള്ള ആക്രമണം പ്രതിഷേധം വ്യാപകം

ഫാഷിസം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെപ്പോലും അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ അസഹിഷ്ണുതാപരമായ സമീപനമാണ് കെ കെ രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇത് സിപിഎമ്മിന്റെ സോഷ്യല്‍ ഫാഷിസ്റ്റ് സ്വഭാവമാണ് പുറത്തുകൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

അസഹിഷ്ണുത: ചെന്നിത്തല
തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ കെ രമയ്ക്കു നേരെയുള്ള ആക്രമണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തിന്റെ അവസാന ഉദാഹരണമാണ്. ഇത് സിപിഎമ്മിന്റെ അസഹിഷ്ണുതയെയാണ് സൂചിപ്പിക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവുെന്നും ആഭ്യന്തരമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അപലപനീയം: സുധീരന്‍
തിരുവനന്തപുരം: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയ്‌ക്കെതിരേ സിപിഎം നടത്തിയ അക്രമം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൈശാചികം: മാണി
പാലാ: പരാജയഭീതിയില്‍ നിലതെറ്റിയ സിപിഎം കെ കെ രമയെ കായികമായി നേരിടുക വഴി തല്‍സ്വരൂപം ജനസമക്ഷത്ത് അവതരിപ്പിക്കുകയാണ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി.
സംഭവം മൃഗീയവും പൈശാചികവുമാണ്. അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും പ്രവര്‍ത്തനരീതിയെന്ന് വടകര സംഭവത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുകയാണ്.
പാര്‍ട്ടിയുടെ ഉന്മൂലനസിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് കെ കെ രമയെന്നും കെ എം മാണി പറഞ്ഞു.
Next Story

RELATED STORIES

Share it